700 കോടി ചോദിച്ചു, യെദ്യൂരപ്പ ആയിരം കോടി തന്നു; അയോഗ്യനാക്കപ്പെട്ട എംഎല്‍എയുടെ വെളിപ്പെടുത്തല്‍

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്നതിന് മുന്‍പ് തനിക്ക് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആയിരം കോടി രൂപ നല്‍കിയതായി അയോഗ്യനാക്കപ്പെട്ട എംഎല്‍എ
700 കോടി ചോദിച്ചു, യെദ്യൂരപ്പ ആയിരം കോടി തന്നു; അയോഗ്യനാക്കപ്പെട്ട എംഎല്‍എയുടെ വെളിപ്പെടുത്തല്‍

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്നതിന് മുന്‍പ് തനിക്ക് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആയിരം കോടി രൂപ നല്‍കിയതായി അയോഗ്യനാക്കപ്പെട്ട എംഎല്‍എ. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീമമായ തുക കൈമാറിയതെന്ന് നാരായണ ഗൗഡ വെളിപ്പെടുത്തി. കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. 'ഒരാള്‍  കാണാന്‍ വരുകയും എന്നെ യെദ്യൂരപ്പയുടെ വീട്ടിലേക്ക് പുലര്‍ച്ചെ അഞ്ചുമണിക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഈസമയത്ത് യെദ്യൂരപ്പ പ്രാര്‍ത്ഥനയിലായിരുന്നു. ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ തന്നെ സഹായിക്കണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.'- നാരായണ ഗൗഡ വെളിപ്പെടുത്തുന്നു.

'കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 700 കോടിക്ക് പുറമേ 300 കോടി അധികം തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പിന്നീട് അദ്ദേഹം വാഗ്ദാനം നിറവേറ്റി. അത് മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചുവരുന്നു. ഇത്തരത്തില്‍ വാഗ്ദാനം നിറവേറ്റിയ ഒരാളെ പിന്തുണയ്ക്കില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?, ഞാന്‍ അത് ചെയ്തു. അതിന്‌ശേഷം അയോഗ്യരായ എംഎല്‍എമാരുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നായി യെദ്യൂരപ്പ'- നാരായണ ഗൗഡ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഹുബള്ളിയില്‍ നടന്ന പാര്‍ട്ടി മീറ്റില്‍ യെദ്യൂരപ്പ സംസാരിച്ച കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായാണ് കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയതെന്നായിരുന്നു യെദ്യൂരപ്പ ഓഡിയോയില്‍ പറഞ്ഞത്. ഓഡിയോ ചോര്‍ന്നതോടെ പാര്‍ട്ടിയും യെദിയൂരപ്പയും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com