സേനയെ തള്ളി പവാര്‍ ; സര്‍ക്കാര്‍ രൂപീകരണത്തിനില്ല ; ഉദ്ധവിനെ മെരുക്കാന്‍ ഗഡ്കരി രംഗത്ത്

മുഖ്യമന്ത്രി പദത്തിനായി ബിജെപിയും ശിവസേനയും പിടിവാശി തുടരുന്നതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്
സേനയെ തള്ളി പവാര്‍ ; സര്‍ക്കാര്‍ രൂപീകരണത്തിനില്ല ; ഉദ്ധവിനെ മെരുക്കാന്‍ ഗഡ്കരി രംഗത്ത്

മുംബൈ : മഹാരാഷ്ട്രയില്‍ കാവല്‍സര്‍ക്കാരിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ, സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി പദത്തിനായി ബിജെപിയും ശിവസേനയും പിടിവാശി തുടരുന്നതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി പദം ഒരുകാരണവശാലും വിട്ടുതരില്ലെന്ന നിലപാടിലാണ് ബിജെപി. അതേസമയം മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം എന്ന തരത്തില്‍ പങ്കുവെയ്ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

ബിജെപിയും ശിവസേനയും പിടിവാശിയില്‍ ഉറച്ചുനില്‍ക്കുന്നതോടെ, മറ്റ് സാധ്യതകളും രാഷ്ട്രീയപാര്‍ട്ടികള്‍ തേടുന്നുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി എന്നിവയുടെ സഹകരണത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ എന്നാണ് ശിവസേന ശ്രമിക്കുനന്ത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇത് രണ്ടാതവണയാണ് റാവത്ത്-പവാര്‍ കൂടിക്കാഴ്ച നടക്കുന്നത്.

ശിവസേനയ്ക്ക് 170 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് റാവത്ത് പവാറിനെ അറിയിച്ചത്. എന്നാല്‍ ഈ അവകാശവാദം പവാര്‍ തള്ളി. സേനയ്ക്ക് എങ്ങനെയാണ് 170 പേരുടെ പിന്തുണ കിട്ടിയത്. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാരെ ഒഴിവാക്കി ശിവസേനയ്ക്ക് എങ്ങനെ 170 പേരുടെ പിന്തുണ കിട്ടിയെന്ന് മനസ്സിലാകുന്നില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു.

ജനവിധി ബിജെപി-ശിവസേന സഖ്യത്തിനാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിരിക്കാനാണ് എന്‍സിപി തീരുമാനം. നാലുതവണ മുഖ്യമന്ത്രിയായ തനിക്ക് വീണ്ടും മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ല. രാഷ്ട്രപതി ഭരണം എന്നത് ശിവസേനയുടെ ഭീഷണി മാത്രമാണ്. ബിജെപിയും ശിവസേനയും അവസാന മണിക്കൂറില്‍ ധാരണയുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് വിശ്വസിക്കുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56 ഉം എന്‍സിപിക്ക് 54 ഉം സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 44 എംഎല്‍എമാരാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും, ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല എന്നതാണ് ബിജെപിയെ കുഴയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന് ദേവേന്ദ്രഫഡ്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുംബൈയിലെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com