കാഴ്ചയില്ലാത്ത 15കാരിയെ അന്ധരായ അധ്യാപകര്‍ ബലാത്സംഗം ചെയ്തു; 'കണ്ണില്ലാത്ത ക്രൂരത'
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th November 2019 08:06 PM |
Last Updated: 07th November 2019 08:06 PM | A+A A- |

പല്‍നാപുര്‍: കാഴ്ചയില്ലാത്ത പതിനഞ്ചുകാരിയെ അന്ധരായ രണ്ട് അധ്യാപകര്‍ ബലാത്സംഗത്തിനിരയാക്കി. ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിലെ ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന സ്‌കൂളിലാണ് സംഭവം. കുട്ടിയെ ഈ അധ്യാപകര്‍ നിരവധി തവണ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ ബന്ധുവിന്റെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്‌കൂളില്‍ നിന്ന് ദീപാവലി അവധിക്കായി വീട്ടിലേക്ക് പോയപ്പോഴാണ് നേരിട്ട ക്രൂരതകളെ കുറിച്ച് കുട്ടി ബന്ധുവിനെ അറിയിച്ചത്. അവധിക്കെത്തിയ ശേഷം സ്‌കൂളിലേക്ക് തിരികെ പോകുന്നില്ലെന്ന് കുട്ടി വാശി പിടിച്ചു. ഇതിന്റെ കാരണം തേടിയപ്പോഴാണ് അധ്യാപകര്‍ ചേര്‍ന്ന് നടത്തിയ ലൈംഗിക പിഡനത്തെ കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്.
ചമാന്‍ താക്കൂര്‍(62), ജയന്തി താക്കൂര്‍ (30) എന്നിവര്‍ക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്. സ്വന്തം നാട്ടില്‍ എട്ടാം ക്ലാസ് വരെ പഠിച്ച ശേഷം സംഗീതം പഠിക്കാനായാണ് കുട്ടിയെ അംബാജിയിലേക്ക് അയച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസം കൊടുക്കുന്ന സ്ഥാപനം എന്ന നിലയിലാണ് ട്രസ്റ്റിന്റെ സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്.
ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. സ്‌കൂളിലെ മ്യൂസിക് റൂമില്‍ വച്ച് ജയന്തി താക്കൂറാണ് കുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ചമാനും അതേ മുറിയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചു. നവരാത്രി ആഘോഷത്തിന് ഒരു ദിവസം മുമ്പ് ജയന്തി വീണ്ടും ക്രൂരത ആവര്‍ത്തിച്ചെന്നും പരാതിയിലുണ്ട്.
മറ്റ് മൂന്ന് അധ്യാപകരോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് പീഡനങ്ങള്‍ അവസാനിച്ചത്. പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും എന്നാല്‍ അധ്യാപകര്‍ രണ്ട് പേരും ഒളിവിലാണെന്നും അംബാജി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജെ ബി അഗര്‍വാത് പറഞ്ഞു. കേസെടുത്തതിന് പിന്നാലെ രണ്ട് പേരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.