പാലില്‍ സ്വര്‍ണമുണ്ടെന്ന ബിജെപി അധ്യക്ഷന്റെ വാക്കു വിശ്വസിച്ചു; ലോണെടുക്കാന്‍ കര്‍ഷകന്‍ പശുവുമായി ബാങ്കില്‍

പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന  ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റ പ്രസ്താവനയ്ക്ക് പിന്നാലെ പശുവുമായി ഗോള്‍ഡ് ലോണെടുക്കാന്‍ ബാങ്കിലെത്തി കര്‍ഷകന്‍.
പാലില്‍ സ്വര്‍ണമുണ്ടെന്ന ബിജെപി അധ്യക്ഷന്റെ വാക്കു വിശ്വസിച്ചു; ലോണെടുക്കാന്‍ കര്‍ഷകന്‍ പശുവുമായി ബാങ്കില്‍


കൊല്‍ക്കത്ത: പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന  ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റ പ്രസ്താവനയ്ക്ക് പിന്നാലെ പശുവുമായി ഗോള്‍ഡ് ലോണെടുക്കാന്‍ ബാങ്കിലെത്തി കര്‍ഷകന്‍. ബംഗാളിലെ മണപ്പുറം ഫിനാന്‍സിലാണ് ബിജെപി അധ്യക്ഷന്റെ വാക്കു വിശ്വസിച്ച് കര്‍ഷകന്‍ ഗോള്‍ഡ് ലോണിനായി എത്തിയത്.

'ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്. അതുകൊണ്ടാണ് എന്റ പശുക്കളേയും കൂടെ കൂട്ടിയത്. പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് ഞാന്‍ കേട്ടു. ഞാനും എന്റെ കുടുംബവും പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് ആകെ ഇരുപത് പശുക്കള്‍ ഉണ്ട്. ലോണ്‍ ലഭിക്കുകാണെങ്കില്‍ എന്റെ വ്യാപാരം വിപുലമാക്കാന്‍ സാധിക്കും'- കര്‍ഷകന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ് ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിംഗ്. ദിവസേന ആളുകള്‍ പശുക്കളുമായി വീട്ടില്‍ വന്ന് അവരുടെ പശുക്കള്‍ക്ക് എത്ര രൂപ വായ്പ ലഭിക്കുമെന്ന് ചോദിക്കുന്നുവെന്ന് മനോജ് സിംഗ് പറയുന്നു. പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് പറഞ്ഞ ദിലീപ് ഘോഷിന് നൊബേല്‍ സമ്മാനം നല്‍കണമെന്നും മനോജ് സിംഗ് പരിഹസിച്ചു.

'എല്ലാദിവസവും നിരവധി ആളുകള്‍ അവരുടെ പശുക്കളുമായി എന്റെ അടുക്കല്‍ വരുന്നു. തങ്ങളുടെ പശുക്കള്‍ പ്രതിദിനം 15 മുതല്‍ 16 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നുവെന്നും അതുകൊണ്ട് ലോണ്‍ ലഭിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഇതെല്ലാം കേട്ട് എനിക്ക് ലജ്ജയാണ് തോന്നുന്നത്. രാഷ്ട്രീയ നേതാക്കള്‍ പുരോഗതിയെ കുറിച്ചാണ് ചിന്തിക്കേണ്ടത്. എന്നാല്‍ ബിജെപി മതത്തെയും ഹിന്ദുത്വത്തെയും കുറിച്ച് മാത്രമേ  സംസാരിക്കൂ' മനോജ് സിംഗ് ആരോപിച്ചു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പശുവിന്‍പാലിന് സ്വര്‍ണ നിറമുള്ളതെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. നാടന്‍ പശുവിനെയാണ് ഇന്ത്യക്കാര്‍ മാതാവായി കാണുന്നതെന്നും വിദേശി പശുവിനെ അങ്ങനെ കണക്കാക്കുന്നില്ലന്നും ദിലീപ് ഘോഷ് വാര്‍ത്ത് ഏജന്‍സിയോടു പറഞ്ഞു. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഇറച്ചി വീട്ടിലിരുന്നു കഴിക്കട്ടെ. ചില ബുദ്ധീജീവികള്‍ റോഡുവക്കിലെ കടകളില്‍നിന്നാണ് ബീഫ് കഴിക്കുന്നത്. എനിക്ക് അവരോടു പറയാനുള്ളത് പട്ടിയിറച്ചി കൂടി കഴിക്കണമെന്നാണ്. പട്ടിയിറച്ചി കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. നിങ്ങള്‍ എന്തു വേണമെങ്കിലും കഴിച്ചോളൂ, അതു വീട്ടില്‍ ഇരുന്നു മതി. എന്തിനാണ് റോഡു വക്കിലിരുന്നു കഴിക്കുന്നത്? ബിജെപി അധ്യക്ഷന് ചോദിച്ചു.

പശു ഞങ്ങളുടെ മാതാവാണ്. പശുപ്പാല്‍ കുടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. ആരെങ്കിലും അമ്മയോടു മോശമായി പെരുമാറിയാല്‍ അവര്‍ അര്‍ഹിക്കുന്ന മറുപടി തന്നെ കിട്ടും. പശുവിനെ അമ്മയായി കാണുന്ന ഇന്ത്യയില്‍ പശുഹത്യയും ബീഫ് കഴിക്കുന്നതും കുറ്റകരം തന്നെയാണെന്ന് ദിലിപ് ഘോഷ് പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്, അതുകൊണ്ടാണ് പശുവിന്‍ പാലിന് സ്വര്‍ണ വര്‍ണമുള്ളത്. നാടന്‍ പശു മാത്രമാണ് നമ്മുടെ മാതാവ്. വിദേശി പശു മാതാവല്ല. വിദേശികളെ ഭാര്യമാരായി സ്വീകരിക്കുന്ന ചിലരുണ്ട്. അവരെല്ലാം ഇപ്പോള്‍ പ്രശ്‌നത്തിലാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com