പേരറിവാളന് 30 ദിവസത്തെ പരോള്‍; പരോള്‍ അനുവദിച്ചത് അച്ഛനെ പരിചരിക്കാന്‍

വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പേരറിവാളന് 2017 ഓഗസ്റ്റിലാണ് അവസാനം പരോള്‍ ലഭിച്ചത്.
പേരറിവാളന് 30 ദിവസത്തെ പരോള്‍; പരോള്‍ അനുവദിച്ചത് അച്ഛനെ പരിചരിക്കാന്‍

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പേരറിവാളന് 2017 ഓഗസ്റ്റിലാണ് അവസാനം പരോള്‍ ലഭിച്ചത്.

നേരത്തെ പ്രതികളിലൊരാളായ റോബര്‍ട്ട് പയസ് പരോള്‍ അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ 30 ദിവത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു റോബര്‍ട്ട് പയസിന്റെ ആവശ്യം. രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതി നളിനിക്ക് നേരത്തെ 51 ദിവസത്തെ പോരള്‍ കോടതി അനുവദിച്ചിരുന്നു. മകളുടെ വിവാഹചടങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി.

1991 മെയ് മാസത്തിലായിരുന്നു രാജീവ് ഗാന്ധിയും മറ്റ് 14 പേരും എല്‍ടിടിഇ മനുഷ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ വച്ചായിരുന്നു സംഭവം. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com