മുഖ്യമന്ത്രി സ്ഥാനം വേണം; ധാരണ അമിത് ഷായ്ക്കറിയാം; കള്ളം പറയുന്നവരുമായി ഒന്നിച്ചുപോകാനാവില്ലെന്ന് ഉദ്ദവ് താക്കറെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th November 2019 07:12 PM |
Last Updated: 08th November 2019 07:12 PM | A+A A- |

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് ശിവസേന മേധാവി ഉദ്ദവ് താക്കറെയുടെ മറുപടി. ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പുനല്‍കിയെന്നും ഉദ്ദവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളം പറയുന്നവരുമായി സഖ്യം തുടരാന്‍ ശിവസേന ആഗ്രഹിക്കുന്നില്ല.മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രി സ്ഥാനം എന്ന ശിവസേനയുടെ ആവശ്യം ബിജെപിക്ക് അംഗീകരിക്കേണ്ടിവരുമെന്നും ഉദ്ദവ് പറഞ്ഞു
ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും ബിജെപിക്കും ഫഡ്‌നാവിസിനു മുന്നിലും ശിവസേന വാതിലുകള്‍ അടച്ചിട്ടില്ല. ഞങ്ങള്‍ ശിവസേനയുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി കള്ളം പ്രചരിപ്പിച്ചു. എന്‍സിപിയുമായി ഇതുവരെ ഞങ്ങള്‍ ചര്‍ച്ച നടത്തിയി്ട്ടില്ലെന്നും ഉദ്ദവ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഫഡ്‌നാവിസ് ശിവസേനയ്ക്കതെിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ പോലും ശിവസേന മേധാവി ഉദ്ദവ് താക്കറെ തയ്യാറായില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. നിരവധി തവണ കാണാന്‍ സന്നദ്ധത അറിയിച്ചു. ഫോണില്‍ വിളിച്ചു. എന്നാല്‍ അതിനൊന്നും ശിവസേന നേതൃത്വം തയ്യാറായില്ല. ബിജെപിയുമായി ചര്‍ച്ച നടത്തുന്നതിന് പകരം എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ശിവസേന ജനങ്ങളെ കബളിപ്പിക്കുകയാണ്. തെരഞ്ഞടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഉറപ്പ് നല്‍കിയിട്ടില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിതഷായും മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിയും അത്തരത്തിലുള്ള ഒരുറപ്പും ശിവസേനയ്ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ശിവസേന നുണപ്രചാരണം നടത്തുകയായിരുന്നെന്നും ഫഡ്‌നാവിസ് പറഞ്ഞു.
തന്നോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപി തന്നെ പുതിയ സര്‍ക്കാര്‍ രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ശിവസേനയുടെ ആരോപണവും ഫഡ്‌നാവിസ് നിഷേധിച്ചു. ഇത് സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാനും ശിവസേന നേതൃത്വത്തെ ഫ്ഡ്‌നാവിസ് വെല്ലുവിളിച്ചു.