വീടിന് ജനലും വാതിലും വെക്കാന്‍ ഖജനാവില്‍ നിന്ന് 73 ലക്ഷം; മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം രൂക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th November 2019 08:39 AM |
Last Updated: 08th November 2019 08:52 AM | A+A A- |
ഹൈദരാബാദ്: വീടിന് ജനലും വാതിലും വെക്കാന്‍ സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 73 ലക്ഷം രൂപ വകയിരുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ നടപടി വിവാദമാകുന്നു. വീടിന് ചെലവേറിയ അതിസുരക്ഷാ സജ്ജീകരണങ്ങളൊരുക്കാന്‍ കഴിഞ്ഞമാസമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ വീടിനും ഓഫീസ് ബ്ലോക്കിനുമായി ഇത്രയുമധികം തുക അനുവദിച്ചതിനെ തെലുഗുദേശം പാര്‍ട്ടി നേതാവും റെഡ്ഡിയുടെ വിമര്‍ശകനുമായ എന്‍. ചന്ദ്രബാബു നായിഡു ചോദ്യംചെയ്തു. അഞ്ചുമാസത്തെ ദുര്‍ഭരണം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറാക്കിയിരിക്കുന്ന അവസരത്തിലാണ് ഈ ചെലവെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലേറിയതിന് ശേഷം വീടിലേക്കുള്ള റോഡ് നിര്‍മിക്കാനും വൈദ്യുത അറ്റകുറ്റപ്പണിയ്ക്കുമായി കോടികളാണ് ജഗന്‍ ചെലവിട്ടത്. അതിനു പിന്നാലെയാണ് 73 ലക്ഷം ചെലവാക്കി ജനലും വാതിലും വെക്കുന്നത്.
ഗുണ്ടൂരിലെ താഡെപ്പള്ളി ഗ്രാമത്തിലെ വീട്ടിലേക്ക് അഞ്ചുകോടി രൂപ ചെലവിട്ടാണ് ജഗന്‍ റോഡുണ്ടാക്കിയത്. വീട്ടിലെ വൈദ്യുത അറ്റകുറ്റപ്പണിക്കായി 3.6 കോടി രൂപയും വീടിനടുത്ത് ഹെലിപ്പാഡുണ്ടാക്കാന്‍ 1.89 കോടി രൂപയും ചെലവിട്ടു. പൊതുയോഗത്തിനുള്ള 'പ്രജാദര്‍ബാര്‍' നിര്‍മിക്കാന്‍ 82 ലക്ഷം വകയിരുത്തി. എട്ടുകോടി രൂപ മുടക്കി ചന്ദ്രബാബു നായിഡു സര്‍ക്കാരുണ്ടാക്കിയ കോണ്‍ഫറന്‍സ് ഹാള്‍ 'അനധികൃത'മെന്നുകാട്ടി പൊളിച്ചതിനുപിന്നാലെയായിരുന്നു ഇത്. സര്‍ക്കാര്‍പദ്ധതികള്‍ക്ക് അച്ഛന്‍ വൈ.എസ്. രാജശേഖരറെഡ്ഡിയുടെ പേരുനല്‍കിയതിനും ഗ്രാമസെക്രട്ടേറിയറ്റ് കെട്ടിടത്തിന് വൈ.എസ്.ആര്‍. പാര്‍ട്ടിയുടെ നിറം പൂശിയതിനും ജഗന്‍ വിമര്‍ശനം നേരിട്ടുവരുകയാണ്