അയോധ്യ വിധിക്ക് കാതോര്‍ത്ത് രാജ്യം ; യുപിയിലേക്ക് കൂടുതല്‍ സൈന്യം ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം ; സുരക്ഷ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്

അയോധ്യ വിധിക്ക് കാതോര്‍ത്ത് രാജ്യം ; യുപിയിലേക്ക് കൂടുതല്‍ സൈന്യം ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം ; സുരക്ഷ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി : അയോധ്യ കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് ഉടന്‍ വിധി പുറപ്പെടുവിക്കാനിരിക്കെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. സുരക്ഷാ സേനയ്ക്ക് വേണ്ടി 300 സ്‌കൂളുകളും ഏറ്റെടുത്തിട്ടുണ്ട്. യുപിയിലേയ്ക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിനിടെ കോടതി വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് നേരിട്ട് വിലയിരുത്തുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി യുപി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാന്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കൂടിക്കാഴ്ച.

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രശ്‌ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേയ്ക്കും ഏഴുപേജുള്ള സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌റ്റേഷനുകള്‍, പ്ലാറ്റ് ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും.  മെട്രോ നഗരങ്ങളിലെ അടക്കം 78 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ കാവലൊരുക്കിയിട്ടുണ്ട്.

റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. ട്രെയിനുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍പേരെ വിന്യസിച്ചു. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരുകള്‍ അടിയന്തരമായി തീര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും റെയില്‍വേ നിരീക്ഷണമേര്‍പ്പെടുത്തി. ആരാധനലായങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചു

അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. അയോധ്യയ്ക്ക് സമീപം അംബേദ്ക്കര്‍ നഗറില്‍ 8 കോളേജുകളില്‍ യുപി സര്‍ക്കാര്‍ താല്‍ക്കാലിക ജയിലുകള്‍ സജ്ജമാക്കി. അയോധ്യയില്‍ ഡിസംബര്‍ 10വരെ നിരോധനാജ്ഞ തുടരും. ക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി 1990 മുതല്‍ തുടങ്ങിയ കല്‍പ്പണികള്‍ നിര്‍ത്തിവച്ചു.  നാട്ടുകാരായ 16,000 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊലീസ് സുരക്ഷസംഘം സജ്ജമാക്കിയിട്ടുണ്ട്.  അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com