എസ്പിജിയുടെ അതിസുരക്ഷാ വലയത്തില്‍ ഇനി മോദി മാത്രം

എസ്പിജിയുടെ സുരക്ഷാവലയം, നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇരുപത്തിയെട്ടു വര്‍ഷം മുമ്പ് ഗാന്ധികുടുംബത്തിനു കൂടി ബാധകമാക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിനുള്ള എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഇനി എസ്പിജി ഒരുക്കുന്ന അതീവ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രം. പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കാന്‍ സജ്ജമാക്കിയ എസ്പിജിയുടെ സുരക്ഷാവലയം, നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇരുപത്തിയെട്ടു വര്‍ഷം മുമ്പ് ഗാന്ധികുടുംബത്തിനു കൂടി ബാധകമാക്കിയത്. 

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതോടെയാണ്, പ്രധാനമന്ത്രിമാര്‍ക്കു സുരക്ഷയൊരുക്കാന്‍ പ്രത്യേക സേന എന്ന ആശയം ഉയര്‍ന്നുവന്നത്. 1984 ഒക്ടോബര്‍ 31ന് ആണ് ഇന്ദിര ഗാന്ധി വധിക്കപ്പെട്ടത്. അതിനെത്തുടര്‍ന്നു തുടങ്ങിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് എസ്പിജി നിയമം പാസാക്കിയത് 1988ല്‍. പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുക മാത്രമായിരുന്നു, നിയമപ്രകാരം എസ്പിജിയുടെ ചുമതല.

1991 ജൂണ്‍ 21ന് എല്‍ടിടിഇ ഭീകരരാല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളെക്കൂടി എസ്പിജി സുരക്ഷാവലയത്തിലേക്കു കൊണ്ടുവരുന്നതായിരുന്നു ഭേദഗതി. 1991 സെപ്തംബറിലാണ് നിയമഭേദഗതിയിലൂടെ വിവിഐപി പട്ടിക പുതുക്കി സോണിയ ഗാന്ധിയെയും രാഹുലിനെയും പ്രിയങ്കയെയും എസ്പിജി സുരക്ഷയ്ക്കു കീഴില്‍ കൊണ്ടുവന്നത്.

മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ഭരണമൊഴിഞ്ഞ് അഞ്ചു വര്‍ഷത്തേക്കാണ് എസ്പിജിയുടെ സുരക്ഷയുണ്ടാവുക. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ ഈ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ കൂടി പിന്‍വലിക്കുന്നതോടെ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമാവും രാജ്യത്ത് എസ്പിജിയുടെ സുരക്ഷാ വലയം ഉണ്ടാവുക. 

പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളും നൂതന സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങളും ജാമറുകളുമെല്ലാം ഉള്‍പ്പെടുന്നതാണ് എസ്പിജിയുടെ സുരക്ഷാ സംവിധാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com