കര്‍താര്‍പുര്‍ ഗുരുദ്വാരയ്ക്ക് മുന്നില്‍ 'ഇന്ത്യന്‍ ബോംബ്' പ്രദര്‍ശനവുമായി പാകിസ്ഥാന്‍; വിവാദം

കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍
കര്‍താര്‍പുര്‍ ഗുരുദ്വാരയ്ക്ക് മുന്നില്‍ 'ഇന്ത്യന്‍ ബോംബ്' പ്രദര്‍ശനവുമായി പാകിസ്ഥാന്‍; വിവാദം

ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഒപ്പം വിവാദങ്ങളും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഇറക്കിയ വീഡിയോയില്‍ ബിന്ദ്രെന്‍വാലയുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പിന്നാലെ ഇന്ത്യ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ കുറച്ചുകൂടി കടന്ന് മറ്റൊരു പ്രകോപനപരമായ സമീപനമാണ് പാകിസ്ഥാന്‍ കൈക്കൊണ്ടിരിക്കുന്നത്. 1971ലെ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന ഗുരുദ്വാരയ്ക്ക് മുകളില്‍ വര്‍ഷിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ ചില്ല് കൂട്ടിലാക്കി ഗുരുദ്വാരയ്ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ് പാകിസ്ഥാന്‍. 

പ്രത്യേകമായി നിര്‍മിച്ച സ്തൂപത്തിന് മുകളിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സിഖ് മത വിശ്വാസികളുടെ ചിഹ്നമായ 'ഖണ്ഡ'യുടെ ചിത്രങ്ങള്‍ക്കൊണ്ട് സ്തൂപം അലങ്കരിച്ചിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പ്രതികരണമെന്നും നടത്തിയിട്ടില്ല.  

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ പാസ്‌പോര്‍ട്ട് ഇല്ലാതെ പ്രവേശിപ്പിക്കാനാകില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കുമെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി. ഉദ്ഘാടന ദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ല എന്ന പ്രഖ്യാപനം പാകിസ്ഥാന്‍ പിന്‍വലിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് ഉദ്ഘാടന ദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com