കാണാന്‍ ശ്രമിച്ചിട്ടും കൂട്ടാക്കിയില്ല; സേനയ്ക്ക് താത്പര്യം പ്രതിപക്ഷത്തോട്; രാജിക്ക് പിന്നാലെ ഉദ്ദവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫഡ്‌നാവിസ്

തെരഞ്ഞടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഉറപ്പ് നല്‍കിയിട്ടില്ല
കാണാന്‍ ശ്രമിച്ചിട്ടും കൂട്ടാക്കിയില്ല; സേനയ്ക്ക് താത്പര്യം പ്രതിപക്ഷത്തോട്; രാജിക്ക് പിന്നാലെ ഉദ്ദവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫഡ്‌നാവിസ്

മുംബൈ: ശിവസേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ പോലും ശിവസേന മേധാവി ഉദ്ദവ് താക്കറെ തയ്യാറായില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. നിരവധി തവണ കാണാന്‍ സന്നദ്ധത അറിയിച്ചു. ഫോണില്‍ വിളിച്ചു. എന്നാല്‍ അതിനൊന്നും ശിവസേന നേതൃത്വം തയ്യാറായില്ല. ബിജെപിയുമായി ചര്‍ച്ച നടത്തുന്നതിന് പകരം എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ശിവസേനയ്‌ക്കെതിരെ ഫഡ്‌നാവിസിന്റെ രൂക്ഷവിമര്‍ശനം

ശിവസേന ജനങ്ങളെ കബളിപ്പിക്കുകയാണ്. തെരഞ്ഞടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഉറപ്പ് നല്‍കിയിട്ടില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിതഷായും മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിയും അത്തരത്തിലുള്ള ഒരുറപ്പും ശിവസേനയ്ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ശിവസേന നുണപ്രചാരണം നടത്തുകയായിരുന്നെന്നും ഫഡ്‌നാവിസ് പറഞ്ഞു.

തന്നോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപി തന്നെ പുതിയ സര്‍ക്കാര്‍ രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ശിവസേനയുടെ ആരോപണവും  ഫഡ്‌നാവിസ് നിഷേധിച്ചു. ഇത് സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാനും ശിവസേന നേതൃത്വത്തെ ഫ്ഡ്‌നാവിസ് വെല്ലുവിളിച്ചു.

അതേസമയം എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ശിവസേന സജീവമാക്കിയെന്നാണ് സൂചന. വൈകീട്ട് ശിവസേന മേധാവി ഉദ്ദവ് താക്കറെ മാധ്യമങ്ങളെ കാണും. രാജിവച്ചതിന് പിന്നാലെ ഫഡ്‌നാവിസ് നടത്തിയ ആരോപണങ്ങള്‍ക്ക് താക്കറെ മറുപടി പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു കൂടിക്കാഴ്ച.

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് നല്‍കുമ്പോള്‍ മറ്റുമന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകളുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com