കുടിച്ച് കഴിഞ്ഞ് മദ്യക്കുപ്പി വലിച്ചെറിയാന്‍ നില്‍ക്കണ്ട; 10,000 രൂപ പോകും

കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതു കണ്ടാല്‍ പിടികൂടി പിഴ ഈടാക്കും
കുടിച്ച് കഴിഞ്ഞ് മദ്യക്കുപ്പി വലിച്ചെറിയാന്‍ നില്‍ക്കണ്ട; 10,000 രൂപ പോകും

ഊട്ടി; ഊട്ടിയില്‍ മദ്യക്കുപ്പികള്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്‌നം രൂക്ഷമായതോടെ കടുത്ത നടപടിയുമായി നീലഗിരി കളക്ടര്‍. മദ്യപാനത്തിന് ശേഷം കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നവരില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കാന്‍ കളക്ടര്‍ ഇന്നസെന്റ് ദിവ്യയുടെ ഉത്തരവ്. കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതു കണ്ടാല്‍ പിടികൂടി പിഴ ഈടാക്കും. 

മറ്റു ജില്ലകളിലുള്ളതുപോലെ നീലഗിരിയില്‍ മദ്യക്കടകളോടനുബന്ധിച്ചു ബാറുകളില്ലാത്തതിനാല്‍ പൊതുഇടങ്ങളിലിരുന്ന് കുടിച്ച് കുപ്പി അവിടെ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരമായിട്ടാണ് പിഴ ഈടാക്കുന്നത്. ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് നീലഗിരിയില്‍ നിന്ന് വിറ്റുപോകുന്നത്. മദ്യപാനത്തിനുശേഷം പൊതുവിടങ്ങളിലും കാടുകളിലുമൊക്കെയാണ് കുപ്പികള്‍ വലിച്ചെറിയുന്നത്. ഒരു ദിവസം 20,000ത്തോളം കുപ്പികളാണ് ജില്ലയില്‍നിന്നു നീക്കംചെയ്യാറുള്ളത്. ഇത് പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണ് വന്‍തുക പിഴയീടാക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

വനത്തിലേക്കു വലിച്ചെറിയുന്ന കുപ്പികളില്‍ ഭൂരിഭാഗവും പാറകളില്‍ തട്ടി പൊട്ടിച്ചിതറുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകും. മദ്യക്കുപ്പികള്‍ ഉപേക്ഷിക്കാനായി എല്ലായിടങ്ങളിലും പ്രത്യേക ബക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com