മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും റിസോര്‍ട്ടിലേക്ക്; ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് ശിവസേന

സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും റിസോര്‍ട്ടിലേക്ക്; ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് ശിവസേന


മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. പാര്‍ട്ടി നേതാവ് വിജയ് വദേത്തിവാറിന്റെ വീട്ടിലെത്തിയ എംഎല്‍എമാരെ ജയ്പൂരിലേക്ക് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപി ചാക്കിട്ടുപിടിത്തം ഒഴിവാക്കാനാണ് എംഎല്‍എമാരെ മാറ്റുന്നത്. കഴിഞ്ഞ ദിവസം എന്‍ഡിഎ സഖ്യകക്ഷി ശിവസേന തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

ബിജെപി തങ്ങളുടെ എംഎഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുകയാണ് എന്ന് സേന ആരോപിച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബാന്ദ്രയിലെ റിസോര്‍ട്ടില്‍ നിന്നും പുറത്തുവരരുത് എന്നാണ് ശിവസേന എംഎല്‍എമാര്‍ക്ക് പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെ നല്‍കിയിരിക്കുന്ന നിര്‍ദേശം. കാവല്‍ മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്യരുതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശിവസേന കടുംപിടത്തും വിടാത്ത സാഹചര്യത്തിലാണ് ബിജെപി എംഎല്‍എമാരെ കൂടെക്കൂട്ടാന്‍ ശ്രമം നടത്തുന്നതായി വിവരങ്ങള്‍ പുറത്തുവന്നത്. ശിവസേനയുടെ 25എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങള്‍ക്കും അവകാശമുണ്ടെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ശിവനസേന വ്യക്തമാക്കുന്നത്. തങ്ങളുടെ നിലപാട് അംഗീകരിക്കുന്നെങ്കില്‍ മാത്രം വിളിച്ചാല്‍ മതിയെന്നാണ് ബിജെപി നേതൃത്വത്തോട് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ പറഞ്ഞത്. എന്നാല്‍ ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി-സേന സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപിയും വ്യക്തമാക്കി.

കേന്ദ്രമന്ത്രി നിതന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ ഒത്തുതീര്‍പ്പിലെത്താമെന്ന ശിവസേനയുടെ നിലപാടും ബിജെപി അംഗീകരിച്ചില്ല. ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാകാനില്ലെന്നും ഫട്‌നാവിസ് തന്നെ മഹാരാഷ്ട്ര ഭരിക്കും എന്നുമായിരുന്നു ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 105ഉം ശിവസേന 56സീറ്റുമാണ് നേടിയത്. ബിജെപിക്ക് പ്രതീക്ഷിച്ച ഭൂപക്ഷം ലഭിക്കാതെ വന്നതോടെ ശിവസേന മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com