ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാളിലേക്ക്; 135 കിലോമീറ്റര്‍ വരെ വേഗത; വിമാനസര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും; കേരളത്തില്‍ നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th November 2019 04:54 PM |
Last Updated: 09th November 2019 04:54 PM | A+A A- |

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നു. ഇതിന്റെ ഫലമായി ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 135 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുളള സാധ്യത മുന്നില്‍കണ്ട് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുളള സര്‍വീസുകള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കും.ഇന്ന് വൈകീട്ട് ആറുമണിമുതല്‍ നാളെ രാവിലെ ആറുമണിവരെയാണ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്.
അതേസമയം 60 കിലോമീറ്റര്‍ വേഗതയില്‍ ഒഡീഷതീരത്ത് വീശിയ കാറ്റില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ക്കും അപായം സംഭവിച്ചിട്ടില്ലെങ്കിലും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആയിരത്തോളം പേരെ മാറ്റി താമസിപ്പിച്ചു. ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളില്‍ അതിതീവ്ര മഴയ്ക്കുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ ലഭിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം,മലപ്പുറം എന്നി ജില്ലകളില്‍ ഇന്നും ഇടുക്കി,തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 155 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ഇന്ന് വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ഒഡീഷ പശ്ചിമ ബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.