അയോധ്യ കേസിന് ശുഭപര്യവസാനം; വിധിയെ സ്വാഗതം ചെയ്ത് മോഹന്‍ ഭാഗവത്

അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
അയോധ്യ കേസിന് ശുഭപര്യവസാനം; വിധിയെ സ്വാഗതം ചെയ്ത് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കേസിന ദശാബ്ധങ്ങളുടെ പഴക്കമുണ്ട്. കേസ് ശരിയായ നിലയില്‍ അവസാനിച്ചിരിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഇനി തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും മാറ്റിവെയ്ക്കാം. തര്‍ക്കഭൂമിയില്‍ എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. കേസിലെ വിധിയെ ജയവും തോല്‍വിയുമായി കാണേണ്ടതില്ല.സമൂഹത്തില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മോഹന്‍ ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു.  അതേസമയം വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരോട് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ക്രമസമാധാനപാലനം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്. പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു പകരം ഭൂമി നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. 

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com