'തെറ്റ് തിരുത്തുക തന്നെ വേണം, ഇത് സംഭവിച്ചുപോയ ആ തെറ്റിനുള്ള പരിഹാരം' ; പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുന്നതില്‍ സുപ്രീം കോടതി

നിയമ വാഴ്ചയുള്ള ഒരു മതേതര രാജ്യത്ത് അനുവദിക്കാനാവാത്തതാണ് ബാബരി മസ്ജിദ് തകര്‍ത്ത നടപടിയെന്ന് സുപ്രീം കോടതി
'തെറ്റ് തിരുത്തുക തന്നെ വേണം, ഇത് സംഭവിച്ചുപോയ ആ തെറ്റിനുള്ള പരിഹാരം' ; പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുന്നതില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമ വാഴ്ചയുള്ള ഒരു മതേതര രാജ്യത്ത് അനുവദിക്കാനാവാത്തതാണ് ബാബരി മസ്ജിദ് തകര്‍ത്ത നടപടിയെന്ന് സുപ്രീം കോടതി. ആ തെറ്റിനുള്ള പരിഹാരമെന്ന നിലയില്‍ക്കൂടിയാണ്, അയോധ്യയില്‍ പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കാന്‍ നിര്‍ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകണ്ഠമായി എഴുതിയ വിധിന്യായത്തില്‍ പറഞ്ഞു. 

എല്ലാ മതങ്ങളെയും തുല്യതയോടെയാണ് ഭരണഘടന കണക്കാക്കുന്നത്. സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെയും ജനതയുടെയും മതേതര സ്വഭാവം നിലനിര്‍ത്തുന്നത്. അയോധ്യയിലെ പള്ളി മുസ്ലിംകള്‍ ഉപേക്ഷിച്ചതല്ല. 1949 ഡിസംബര്‍ 22ന് ഭാഗികമായും 1992 ഡിസംബര്‍ ആറിന് പൂര്‍ണമായും അത് നശിപ്പിക്കപ്പെടുകയായിരുന്നു. 

ഒരിക്കല്‍ സംഭവിച്ച തെറ്റിനു പരിഹാരം കാണുകയെന്നത്, ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരം കോടതിയില്‍ നിക്ഷിപ്തമായ ചുമതലാണ്. പള്ളിയില്‍നിന്ന് അകറ്റിനിറുത്തപ്പെട്ട മുസ്ലിംകളെ കോടതി പരിഗണിക്കാതിരുന്നാല്‍ അത് നീതിനിര്‍വഹണമാവില്ല. തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ ഉന്നയിച്ച അവകാശവാദത്തിനുള്ള തെളിവ് മുസ്ലിംകള്‍ മുന്നോട്ടുവച്ച തെളിവിനേക്കാള്‍ ശക്തമായിട്ടും മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി പള്ളി പണിയാനായി അനുവദിക്കാന്‍ ഉത്തരവിടുന്നത് ഈ പശ്ചാത്തലത്തിലാണെന്ന് ഭരണഘടനാ ബെഞ്ച് വിശദീകരിച്ചു.

പ്രദേശം ബ്രിട്ടിഷ് ഭരണത്തിലായ 1857നു മുമ്പു തന്നെ തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നു എന്നതിനു തെളിവുണ്ട്.  1857നു ശേഷവും പുറംപ്രദേശത്ത് ഹിന്ദു ആരാധന തുടര്‍ന്നതായാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. 1857ന് മുമ്പ് മുസ്ലിംകളുടെ മാത്രം നിയന്ത്രണത്തിലായിരുന്നു തര്‍ക്കഭൂമിയെന്ന് തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. എന്നാല്‍ 1857ന് ശേഷവും അവിടെ മുസ്ലിംകള്‍ നമസ്‌കാരം നടത്തിയിട്ടുണ്ട്. 1949 വരെ ഇതു തുടര്‍ന്നതിനു രേഖകളുണ്ട്. ഡിസംബര്‍ 22ന് രാത്രിയാണ് മുസ്ലിംകളെ പ്രാര്‍ഥന നടത്തുന്നതില്‍ നിന്നു തടഞ്ഞത്. അന്നു പള്ളിക്കു കേടുവരുത്തുകയും ഹിന്ദു വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. മുസ്ലിംകളെ പള്ളിയില്‍നിന്നു പുറത്താക്കിയത് നിയമപരമായിരുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കേസ് കോടതികളുടെ പരിഗണനയില്‍ ഇരിക്കെയാണ് പള്ളിക്കു കേടു വരുത്തിയതും പിന്നീട് നശിപ്പിക്കപ്പെട്ടതും. 450 വര്‍ഷം മുമ്പ് നിര്‍മിക്കപ്പെട്ട പള്ളിയില്‍നിന്ന് മുസ്ലിംകളെ തെറ്റായി അകറ്റിനിര്‍ത്തുകയായിരുന്നെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com