ഭയത്തിനും വിദ്വേഷത്തിനും പുതിയ ഇന്ത്യയിൽ സ്ഥാനമില്ല; അയോധ്യാ വിധി നിയമ ചരിത്രത്തിലെ സുവർണ അധ്യായം; പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങളെല്ലാം ചേർന്ന് ഇന്ന് സുവർണാധ്യായം രചിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭയത്തിനും വിദ്വേഷത്തിനും പുതിയ ഇന്ത്യയിൽ സ്ഥാനമില്ല; അയോധ്യാ വിധി നിയമ ചരിത്രത്തിലെ സുവർണ അധ്യായം; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെല്ലാം ചേർന്ന് ഇന്ന് സുവർണാധ്യായം രചിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ തർക്ക ഭൂമി സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നിയമ ചരിത്രത്തിലെ സുവർണ അധ്യായമാണ് അയോധ്യാ വിധി. ജനങ്ങളെല്ലാം ചേർന്നാണ് ഈ സുവർണ അധ്യായം രചിച്ചിരിക്കുന്നതെന്നും നവ ഇന്ത്യയിൽ ഭയത്തിനോ ദൂഷ്യങ്ങൾക്കോ വിദ്വേഷത്തിനോ സ്ഥാനമില്ലെന്നും മോദി വ്യക്തമാക്കി.

ഇന്ത്യൻ ജനാധിപത്യം എത്രമാത്രം കരുത്തുറ്റതാണെന്ന് ഇന്നു ലോകം മനസിലാക്കിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു വിഷയത്തിന്മേലാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. ദിനംപ്രതിയെന്ന വണ്ണം ഈ വിഷയത്തിൽ വാദം കേൾക്കണമെന്ന് രാജ്യം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്. അതു തന്നെയാണു സംഭവിച്ചതും. ഇപ്പോൾ വിധിയും വന്നിരിക്കുന്നു. എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും പെട്ടവർ വിധിയെ പൂർണ മനസോടെയാണ് സ്വീകരിച്ചത്.

സാമൂഹിക ഐക്യത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പൗരാണിക സംസ്കാരത്തെയാണ് ഇതു വ്യക്തമാക്കുന്നത്. നവ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയിൽ ആരും വീണു പോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇന്ത്യയ്ക്ക് നേരിടാൻ ഇനിയുമേറെ വെല്ലുവിളികളുണ്ട്, ലക്ഷ്യങ്ങളുമുണ്ട്. നാം ഒരുമിച്ച് അതു നേടിയെടുക്കും.

ഭരണഘടനയുടെ കൈപിടിച്ച്, ഏറ്റവും വിഷമമേറിയ വിഷയങ്ങളിൽ വരെ തീര്‍പ്പാക്കാൻ സാധിക്കുമെന്നാണ് അയോധ്യാ വിധി വ്യക്തമാക്കുന്നത്. എല്ലാവരുടെയും വാദം സസൂക്ഷ്മം കേട്ട കോടതി ഐകകണ്ഠേനയാണ് വിധി പറഞ്ഞത്. കോടതിയുടെ നിശ്ചയദാർ‌ഢ്യത്തെയും ഇച്ഛാശക്തിയെയുമാണ് അതു കാണിക്കുന്നത്. അതിനാൽത്തന്നെയാണ് ജഡ്ജിമാരും കോടതികളും നിയമ വ്യവസ്ഥയുടെ ഭാഗമായ മറ്റുള്ളവരും അഭിനന്ദനം അർഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com