സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യില്ല; സുന്നി വഖഫ് ബോര്‍ഡ്

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫറൂഖി
സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യില്ല; സുന്നി വഖഫ് ബോര്‍ഡ്


ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫറൂഖി.  തങ്ങള്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എതിര്‍ക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി കൃത്യമായി പഠിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ ഭൂമി തര്‍ക്ക കേസിലെ പ്രധാന പരാതിക്കാരില്‍ ഒരുവിഭാഗമായിരുന്നു ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്.

തങ്ങളുടെ പേരില്‍ ഏതങ്കിലും വ്യക്തിയോ അഭിഭാഷകനോ വിധിയെ ചോദ്യം ചെയ്യുമെന്ന് പറയുന്നത് സംഘടനയുടെ നിലപാട് ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയില്‍ വൈരുദ്ധ്യമുണ്ടെന്നും സുന്നി വഖഫ് ബോര്‍ഡ് റിവ്യു പെറ്റീഷന്‍ നല്‍കുമെന്നും ബോര്‍ഡിന്റെ അഭിഭാഷകന്‍ സഫര്‍യബ് ജിലാനി പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ താന്‍ ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സെക്രട്ടറി എന്ന നിലയിലാണ് പത്രസമ്മേളനം നടത്തിയതെന്ന് ജിലാനി വ്യക്തമാക്കി.


അതേസമയം, വിധിയില്‍ നിരാശ പ്രകടിപ്പിച്ച് എഐഎംഐഎം നേതാവും ഹൈദ്രബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. വസ്തുതകള്‍ക്ക് മേല്‍ വിശ്വാസം നേടിയ വിജയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 'സുപ്രീം കോടതി പരമോന്നതമായിരിക്കാം, പക്ഷേ പിശക് പറ്റാത്തതല്ല' എന്ന മുന്‍ ചീഫ് ജസ്റ്റീസ് ജെഎസ് വെര്‍മയുടെ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിച്ചു.  

പത്രസമ്മേളനത്തില്‍ താന്‍ പറഞ്ഞതിന് സമാനമായ പേരുള്ള പുസ്തകം അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. 'ഭരണഘടനയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. അവകാശങ്ങള്‍ക്കായി പോരാടും. അഞ്ച് ഏക്കര്‍ സ്ഥലം ഞങ്ങള്‍ക്ക് ദാനമായി വേണ്ട. അഞ്ച് ഏക്കര്‍ സ്ഥലം തരാമെന്ന വാഗ്ദാനം ഞങ്ങള്‍ നിഷേധിക്കും, ഞങ്ങളുടെ രക്ഷാധികാരി ആകാതിരിക്കുക'. ആരാണോ ബാബരി മസ്ജിദ് തകര്‍ത്തത്, അവരെത്തന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ഏല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിക്കുള്ള ആദരമാണ് സുപ്രീം കോടതി വിധിയെന്ന് ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. വിധി അയോധ്യക്ക് വേണ്ടി ജീവന്‍ നല്‍കിയവര്‍ക്കുള്ള ആദരമാണ്. അഡ്വാനിയുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചത്, ഇത് അഡ്വാനിക്കുള്ള ആദരമാണ്- ഉമാഭാരതി പറഞ്ഞു. സുപ്രീംകോടതിയുടെ പരിശുദ്ധമായ വിധിയെന്നാണ് അവര്‍ അയോധ്യ വിധിയെ വിശേഷിപ്പിച്ചത്.

കോടതി വിധി ആരുടെയും തോല്‍വിയും പരാജയവുമായി കാണേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമഭക്തിയോ റഹീം ഭക്തിയോ അല്ല, രാഷ്ട്രഭക്തി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം എല്ലാവരുടേയും വാദങ്ങള്‍ കേട്ടാണ് സുപ്രീംകോചതി പരിഹരിച്ചത്. എല്ലാവര്‍ക്കും തങ്ങളുടെ ഭാഗത്ത് നിന്ന് തെളിവുകളും നിലപാടുകളും വ്യക്തമാക്കാന്‍ സാധിച്ചു. സങ്കീര്‍ണമായ ഒരു കേസില്‍ എല്ലാവരെയും മുഖവിലക്കെടുത്താണ് കോടതി വിധി പറഞ്ഞത്. ഇത് രാജ്യത്ത ജുഡീഷ്യറിയിലെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.- അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ വാതിലടച്ചുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
' ഞങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വാതിലുകള്‍ തുറന്നിടുക മാത്രമല്ലസുപ്രീം കോടതിയുടെ ഈ വിധി ചെയ്തത്, വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബിജെപിയുടേയും മറ്റും ശ്രമത്തിനുള്ള വാതില്‍ അടക്കുക കൂടിയാണ്' കോണ്‍ഗ്രസ് വകതാവ് രണ്‍ദീപ് സുര്‍ജേവാല  പറഞ്ഞു.

അതേസമയം, വിധിയില്‍ തൃപതരല്ലെന്നും പക്ഷേ മാനിക്കുന്നുവെന്നും വ്യക്തമാക്കി സുന്നി വക്കഫ് ബോര്‍ഡ് രംഗത്തെത്തി. കേസിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സുന്നി വക്കഫ് ബോര്‍ഡ്  അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് സുപ്രീം കോടതി വിധി. പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു പകരം ഭൂമി നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com