രണ്ട് രൂപയ്ക്ക് വേണ്ടി കൊലപാതകം: യുവാവിനെ ഇരുമ്പ് ദണ്ഡിന് തലയ്ക്കടിച്ച് കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th November 2019 05:44 PM |
Last Updated: 10th November 2019 05:44 PM | A+A A- |

അമരാവതി: രണ്ട് രൂപയെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശ് കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം.
നിര്‍മ്മാണ തൊഴിലാളിയായ വലസപകല സ്വദേശി സുവര്‍ണരാജു (24)വിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച സുവര്‍ണരാജു സൈക്കിളിന്റെ ടയറില്‍ കാറ്റു നിറയ്ക്കാനായി സമീപത്തുളള സൈക്കിള്‍ കടയില്‍ പോയി. സൈക്കിളില്‍ കാറ്റു നിറച്ചതിന് കടയുടമ സാമ്പ രണ്ട് രൂപ ആവശ്യപ്പെട്ടു.
എന്നാല്‍ തന്റെ കൈവശം പണമില്ലെന്നാണ് രാജു പറഞ്ഞത്. ഇതില്‍ കുപിതനായ സാമ്പ അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തര്‍ക്കത്തിനിടെ സാമ്പയുടെ സുഹൃത്ത് അപ്പറാവു ഇരുമ്പ് ദണ്ഡ് കൊണ്ട് രാജുവിന്റെ തലയ്ക്കടിച്ചു.
ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍പ്പോയ സാമ്പയ്ക്കും അപ്പറാവുവിനും വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.