മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണറുടെ ക്ഷണം; തിരക്കിട്ട ചര്‍ച്ചകള്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍
ശിവസേന മേധാവി ഉദ്ദവ് താക്കറെ/ഫയല്‍ ചിത്രം
ശിവസേന മേധാവി ഉദ്ദവ് താക്കറെ/ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍. തിങ്കളാഴ്ച രാത്രി 7.30വരെ ശിവസേനയ്ക്ക് ഗവര്‍ണര്‍ ഭഗത് സിഭ് കൊഷിയാരി സമയം അനുവദിച്ചു. ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി എന്ന നിലയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി നേരത്തെ ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

സാഹചര്യം വിലയിരുത്താന്‍ വേണ്ടി ശിവസേന മേധാവി ഉദ്ദവ് താക്കറെ പാര്‍ട്ടി നേൃയോഗം വിളിച്ചു. ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസനേയുടെ മുഖ്യമന്ത്രി തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും  അതിന് എന്തുവിലയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

ഞായറാഴ്ച വൈകുന്നേരമാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ദേന്ദ്രേ ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഗവര്‍ണര്‍ നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ബിജെപിയുടെ നീക്കം. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ബിജെപി തീരുമാനമെടുത്തത്. ശിവസേനയുമായുള്ള സഖ്യം അവസനാപ്പിക്കുന്നതായും ബിജെപി വ്യക്തമാക്കി.

സഖ്യമായി മത്സരിച്ച ശേഷം ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചു. പ്രതിക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറുന്നത്. അവകാശപ്പെടുന്ന അംഗബലമുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശിവസേനയെ വെല്ലുവിളിച്ചു. ജനഹിതം അവഗണിച്ച് കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേനയുടെ നീക്കമെങ്കില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബിജെപി നേതാ്വ് ചന്ദ്രകാന്ത് പാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 50-50-ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നു എന്ന് ആരോപിച്ച് ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഒക്ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105സീറ്റാണ് ലഭിച്ചത്. ശിവസേന 56സീറ്റിലും വിജയിച്ചു. എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ അംഗബലം.
288സീറ്റുകളുള്ള സഭയില്‍ 145സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്.

ശിവസേന മേധാവി ഉദ്ദവ് താക്കറെ/ഫയല്‍ ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com