ബിജെപി 'ഹിറ്റ്‌ലര്‍', മഹാരാഷ്ട്ര കേന്ദ്രത്തിന്റെ അടിമയല്ലെന്ന് ശിവസേന; കോണ്‍ഗ്രസും എന്‍സിപിയും പിന്തുണച്ചേക്കും

ബിജെപിയെ ഹിറ്റ്‌ലറോട് ഉപമിച്ച് മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ വിമര്‍ശനം
ബിജെപി 'ഹിറ്റ്‌ലര്‍', മഹാരാഷ്ട്ര കേന്ദ്രത്തിന്റെ അടിമയല്ലെന്ന് ശിവസേന; കോണ്‍ഗ്രസും എന്‍സിപിയും പിന്തുണച്ചേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെ, ബിജെപിയെ വിമര്‍ശിച്ച് ശിവസേന വീണ്ടും രംഗത്ത്. ബിജെപിയെ ഹിറ്റ്‌ലറോട് ഉപമിച്ച് മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ വിമര്‍ശനം. ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാരിന്റെ അടിമയല്ല മഹാരാഷ്ട്രയെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്‍കുന്ന തരത്തിലുളള ഫോര്‍മുലയ്ക്ക് രൂപം നല്‍കാനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്.

നിലവില്‍ ബിജെപി പരിഭ്രാന്തിയിലാണെന്നും മുഖപത്രം പരിഹസിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുളള പൂര്‍ണ പിന്തുണയും ആശീര്‍വാദവും ഉണ്ടായിട്ടും ഫഡ്‌നാവിസിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല. നിലവില്‍ മഹാരാഷ്ട്രയില്‍ ഉരുത്തിരിയുന്ന സംഭവവികാസങ്ങളില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും സാമ്‌ന വ്യക്തമാക്കുന്നു.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത പ്രകടിപ്പിക്കാതിരിക്കുന്ന ശിവസേനയുടെ നിലപാട്, യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ തോല്‍വിയാണ്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നും സാമ്‌ന പറയുന്നു.

കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ഭഗത് സിങ് കൊഷിയാരി ക്ഷണിച്ചത്. ബിജെപി ശിവസേന തര്‍ക്കം നിലനില്‍ക്കെയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

നേരത്തെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. രാജിക്കത്ത് നല്‍കുമ്പോള്‍ മറ്റു മന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com