ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിച്ചു; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് ബിജെപി തീരുമാനം.
ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിച്ചു; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി


മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് ബിജെപി തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നിലപാട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ അറിയിച്ചു. ശിവസേനയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചു. സഖ്യമായി മത്സരിച്ച ശേഷം ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചു. പ്രതിക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിവരെയായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നത്.

അവകാശപ്പെടുന്ന അംഗബലമുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശിവസേനയെ വെല്ലുവിളിച്ചു. ജനഹിതം അവഗണിച്ച് കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേനയുടെ നീക്കമെങ്കില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബിജെപി നേതാ്വ് ചന്ദ്രകാന്ത് പാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 50-50-ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല. ഇതിന് പിന്നാലെ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സേന സജീവമാക്കി.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നു എന്ന് ആരോപിച്ച് ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഒക്ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105സീറ്റാണ് ലഭിച്ചത്. ശിവസേന 56സീറ്റിലും വിജയിച്ചു. എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ അംഗബലം. 288സീറ്റുകളുള്ള സഭയില്‍ 145സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com