അഞ്ചേക്കറില്‍ പള്ളിയല്ല, പണിയേണ്ടത് പള്ളിക്കൂടം; സല്‍മാന്‍ ഖാന്റെ പിതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th November 2019 05:08 PM |
Last Updated: 11th November 2019 05:39 PM | A+A A- |

മുംബൈ: അയോധ്യയില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ സുപ്രീം കോതി വിധിച്ച അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കേണ്ടത് പള്ളിയല്ലെന്നും വിദ്യാലയമാണെന്നും ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ സലിം ഖാന്‍. നടന്‍ സല്‍മാന്‍ ഖാന്റെ പിതാവാണ് സലിം. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടത് സ്‌കൂളുകളാണ്, പള്ളികളല്ലെന്നും അദ്ദേഹം പറഞ്ഞു.
''ക്ഷമയും സ്‌നേഹവുമാണ് ഇസ്‌ലാമിന്റെ ഗുണങ്ങളെന്നാണ് പ്രവാചകന്‍ പറഞ്ഞത്. അയോധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‌ലിമും മുന്നോട്ടുപോകേണ്ടത്. സ്‌നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ'' സലിം ഖാന്‍ പറഞ്ഞു.
''വളരെയധികം പഴക്കമുള്ള ഒരു തര്‍ക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്‌ലിംകള്‍ അയോധ്യ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചര്‍ച്ചകള്‍. ഇതെന്തുകൊണ്ടാണ് പറയുന്നതെന്ന് ചോദിച്ചാല്‍ നമുക്കാവശ്യം സ്‌കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അഞ്ചേക്കറില്‍ സ്‌കൂളോ കോളജോ നിര്‍മിക്കണമെന്നാണ് എന്റെ അഭിപ്രായം.- അദ്ദേഹം പറഞ്ഞു.