കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

കേന്ദ്ര ഘനവ്യവസായ, പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്
കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

മുംബൈ : കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു. നരേന്ദ്രമോദി സര്‍ക്കാരില്‍ ശിവസേനയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് രാജി. കേന്ദ്ര ഘനവ്യവസായ, പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. എന്നാല്‍ ശിവസേനയ്ക്ക് 56 എംഎല്‍എമാരാണുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ  അനിവാര്യമാണ്.  

പിന്തുണ തേടിയെത്തിയ ശിവസേന നേതാക്കളോട് എന്‍സിപി മുന്നോട്ടുവെച്ച നിബന്ധന കേന്ദ്രസര്‍ക്കാരുമായും, ബിജെപിയുമായുമുള്ള  എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും, ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്നും പുറത്തുവരണമെന്നുമായിരുന്നു. കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാവന്തിന്റെ രാജി.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56 ഉം എന്‍സിപിക്ക് 54 ഉം സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 44 എംഎല്‍എമാരാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും, ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല എന്നതാണ് ബിജെപിയെ കുഴയ്ക്കുന്നത്. ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ, സർക്കാർ രൂപീകരിക്കാൻ ഇല്ലെന്ന് ബിജെപി ​ഗവർണറെ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com