മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു

രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു ശേഷന്‍
മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു ശേഷന്‍.തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഒരു സംവിധാനം ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ടി.എന്‍. ശേഷന്‍ അതിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു. 

പാലക്കാട് തിരുനെല്ലായി ഗ്രാമത്തില്‍ 1933 മെയ് 15നായിരുന്നു ജനനം. പിതാവ് പ്രഗത്ഭ അഭിഭാഷകനായിരുന്ന നാരായണ അയ്യര്‍. അമ്മ സീതാലക്ഷ്മി. എസ്എസ്!എല്‍സി, ഇന്റര്‍മീഡിയറ്റ്, ഡിഗ്രി, സിവില്‍സര്‍വീസ് പരീക്ഷകളിലെല്ലാം ഒന്നാംറാങ്കുകാരന്‍ എന്ന അത്യപൂര്‍വ ബഹുമതിക്ക് ഉടമയായ ശേഷന്‍ 1955 –ല്‍ ഐഎഎസ് നേടി. തമിഴ്‌നാട് കേഡര്‍ ചോദിച്ചുവാങ്ങിയ അദ്ദേഹം 1956–ല്‍ കോയമ്പത്തൂര്‍ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. ശേഷന്റെ പ്രാഗത്ഭ്യം പരിഗണിച്ച് പരിശീലനം കഴിയുന്നതിനു മുമ്പുതന്നെ സബ്കലക്ടറായി പ്രമോഷന്‍ ലഭിച്ചു. തമിഴ്‌നാട് ഗ്രാമവികസന വകുപ്പില്‍ അണ്ടര്‍സെക്രട്ടറിയായും മധുരയില്‍ കലക്ടറായും പ്രവര്‍ത്തിച്ചു.

1962ല്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്‌നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായിരുന്നു. 1968–ല്‍ കേന്ദ്രസര്‍വീസിലെത്തി. അണുശക്തി വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായി. എണ്ണപ്രകൃതിവാതകം, ശൂന്യാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും പ്രവര്‍ത്തിച്ചു. 1986ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു.

1988ല്‍ പ്രതിരോധ സെക്രട്ടറിയായി. 1989 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ ശേഷനെ ആസൂത്രണ കമ്മിഷനിലേക്കു മാറ്റി. പിന്നീട് എസ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബര്‍ 12ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റ അദ്ദേഹം 1996 ഡിസംബര്‍ 11വരെയുള്ള ആറു വര്‍ഷക്കാലയളവില്‍ രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ വിപ്‌ളവകരമായ പരിവര്‍ത്തനങ്ങള്‍ നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com