മുപ്പതു വര്‍ഷത്തിനിടെ പലതവണ പിണങ്ങിപ്പോയ ശിവസേന; നിരന്തര തലവേദനയാകുന്ന ആദ്യ സഖ്യകക്ഷി

മുപ്പതു വര്‍ഷത്തെ സൗഹൃദത്തിനിടെ ബിജെപിയുമായി പലതവണ തെറ്റിപ്പിരിഞ്ഞിട്ടുണ്ട് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ആദ്യ സഖ്യകക്ഷിയായ ശിവസേന.
ശിവസേന മേധാവി ഉദ്ദവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ശിവസേന മേധാവി ഉദ്ദവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

മുപ്പതു വര്‍ഷത്തെ സൗഹൃദത്തിനിടെ ബിജെപിയുമായി പലതവണ തെറ്റിപ്പിരിഞ്ഞിട്ടുണ്ട് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ആദ്യ സഖ്യകക്ഷിയായ ശിവസേന. 1989ലെ ലോക്‌സഭ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളുടെ സമയത്ത് തുടങ്ങിയ സൗഹൃദം വലുതും ചെറുതുമായ പൊട്ടിത്തെറികളിലൂടെ കടന്നുപോയി, ഇപ്പോള്‍ ബന്ധം പൂര്‍ണായും അവസനാപ്പിക്കുന്ന അവസ്ഥയിലാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ സഖ്യം അസാനിപ്പിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചപ്പോള്‍, സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശിവസേന തങ്ങളുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്തിനെ രാജിവയ്പ്പിച്ചിരിക്കുകയാണ്.

1995ലാണ് സേന- ബിജെപി സഖ്യം ആദ്യമായി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുന്നത്. പിന്നാലെ 99ലും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. ശിവസേനയുടെ മനോഹര്‍ ജോഷിയായിരുന്നു മുഖ്യമന്ത്രി. ജോഷി രാജിവച്ചതിന് പിന്നാലെ ശിവസേനയുടെതന്നെ നാരായണ്‍ റാണെ മുഖ്യമന്ത്രിയായി.

99മുതല്‍ 2014നെര സേനയ്ക്കും ബിജെപിക്കും പ്രതിപക്ഷത്തിരിക്കാന്‍ ആയിരുന്നു വിധി. 2014ല്‍ അതുവരെയുണ്ടായിരുന്ന ശിവസേനയുടെ മേല്‍ക്കൈ മറികടന്ന് മോദി തരംഗത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിക്ക് 122 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സേന 63ലേക്ക് ഒതുങ്ങി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. ഇതിനിടെ പലതവണ ബിജെപിയും ശിവസേനയും തമ്മില്‍ ഉരസി.

2007ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശിവസേന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരെ യുപിഎയുടെ പ്രതിഭാ പാട്ടിലീനെ പിന്തുണച്ചു. തങ്ങള്‍ പുറത്താക്കിയ നാരയണ്‍ റാണെയെ കൂടെക്കൂട്ടിയതാണ് ബിജെപിയുമായി കോര്‍ക്കാന്‍ ശിവസേനയെ അന്ന് പ്രേരിപ്പിച്ചത്. ഉദ്ദവ് താക്കറെയുടെ നേതൃ പാഠവത്തെ ചോദ്യം ചെയ്തതാണ് റാണയെ പാര്‍ട്ടി വിമതനാക്കിയത്.

2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എന്‍ഡിഎയെ പ്രതിരോധത്തിലാക്കി ശിവസേന യുപിഎയെ പിന്തുണച്ചു. ഇത്തവണ എന്‍ഡിഎയുടെ പി എ സാഗ്മയെ മാറ്റിനിര്‍ത്തി പ്രണബ് കുമാര്‍ മുഖര്‍ജിക്കായിരുന്നു സേനയുടെ പിന്തുണ.

ആര്‍ക്കും തങ്ങള്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് പറയാന്‍ സാധിക്കില്ലെന്നും രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്താണ് പ്രണബ് മുഖര്‍ജിയെ പിന്തുണച്ചത് എന്നുമായിരുന്നു അന്ന് പാര്‍ട്ടി മേധാവിയായിരുന്ന ബാല്‍ താക്കറെയുടെ പ്രതികരണം.

2014ല്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്  ശിവസേനയും ബിജെപിയും സഖ്യമില്ലാതെയാണ് മത്സരിച്ചത്. പ്രതിപക്ഷത്തിരിക്കും എന്നായിരുന്നു ശിവസേന ആദ്യം പ്രഖ്യാപിച്ചിരുന്നത്. നിരന്തരം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2018 ജനുവരിയില്‍ വീണ്ടും ശിവസേനയും ബിജെപിയും തമ്മില്‍ തെറ്റി. ബിജെപിയുമായി സഖ്യമില്ലെന്ന് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. എന്നാല്‍ 2019 ഫെബ്രുവരിയില്‍  സഖ്യമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശിവസേനയും ബിജെപിയും പ്രഖ്യാപിച്ചു.

48 സീറ്റുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ ബിജെപി 23ഉം സേന 18സീറ്റും നേടി. എന്നാല്‍ സൗഹൃദം അധികകാലം നിലനിര്‍ത്തിപ്പോകാന്‍ രണ്ടുപാര്‍ട്ടികള്‍ക്കും സാധിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സേന തങ്ങള്‍ക്കും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ബിജെപിക്ക് 105സീറ്റും ശിവസേയനക്ക് 56സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 44ഉം എന്‍സിപിക്ക് 54ഉം സീറ്റ് കിട്ടി. 288 സീറ്റുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 144 സീറ്റായിരുന്നു. സേനയുടെ 50-50 നിലപാട് അംഗീകരിക്കാന്‍ ബിജെപി തയ്യാറായില്ല. രണ്ടുപാര്‍ട്ടികളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി ഗവര്‍ണറെ അറിയിക്കുകയായിരുന്നു. സേന തങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് ബിജെപിയുടെ ആരോപണം. എന്തുവില കൊടുത്തും മുഖ്യമന്ത്രിസ്ഥാനം നേടിയെടുക്കും എന്ന നിലപാടിലാണ് സേന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com