മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്, ഗവര്‍ണര്‍ ശുപാര്‍ശ നല്‍കി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th November 2019 02:36 PM |
Last Updated: 12th November 2019 02:36 PM | A+A A- |

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. ഇന്ന് വൈകീട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നീട്ടിനല്‍കിയില്ല എന്ന് ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിക്കും.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിക്ക് ഇന്ന് രാത്രി വരെ സമയം അനുവദിച്ചു നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. സര്‍ക്കാര്‍ രൂപീകരണത്തിനുളള ശ്രമത്തില്‍ നിന്ന് ബിജെപി പിന്മാറിയതിന് പിന്നാലെ ഇന്നലെ രാത്രിവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നു.എന്നാല്‍ പിന്താങ്ങുന്ന കക്ഷികളുടെ കത്ത് നല്‍കാന്‍ ശിവസേനയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് രണ്ടുദിവസം കൂടി സമയം നല്‍കണമെന്ന ശിവസേനയുടെ ആവശ്യം തളളിയ ഗവര്‍ണര്‍ തൊട്ടടുത്ത വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിക്ക് നല്‍കിയ സമയപരിധി നിലനില്‍ക്കേയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.
സര്‍ക്കാര്‍ രൂപീകരണത്തിന് മതിയായ സമയം നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിവസേന സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ട് ദിവസം സമയം നല്‍കി. എന്നാല്‍ പിന്താങ്ങുന്ന കക്ഷികളുടെ കത്ത് സമര്‍പ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ഇവര്‍ പിന്മാറിയത്. എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയതെന്ന് ശിവസേന ആരോപിക്കുന്നു. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തതാണ് ശിവസേന സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. 288 നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണുളളത്. മുന്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയ്ക്ക് 56 എംഎല്‍എമാരാണുളളത്. മുഖ്യമന്ത്രി പദവി തുല്യമായി പങ്കിടുന്നതിനെ ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുളള തര്‍ക്കമാണ് രാഷ്ട്രീയ പ്രതിസന്ധി നീളാന്‍ കാരണം.
ശിവസേന- എന്‍സിപി സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസില്‍ ഏകദേശം ധാരണയായതാണ്. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഭിന്നത തുടരുന്നതുമൂലം കോണ്‍ഗ്രസിന് അന്തിമതീരുമാനം സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്‍സിപിക്ക് പിന്തുണ കത്ത് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുകയാണ്.