'മണ്ണിനടിയില്‍ രണ്ടടി താഴ്ചയില്‍ 48 മണിക്കൂര്‍'; 'അത്ഭുത കുഞ്ഞ്' ജീവിതത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2019 03:24 PM  |  

Last Updated: 12th November 2019 03:24 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ശ്മശാന ഭൂമിയില്‍ ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശു ജീവിതത്തിലേക്ക്. 48 മണിക്കൂര്‍ മണ്ണിനടയില്‍ ജീവന് വേണ്ടി പോരാടിയ കുഞ്ഞിന്റെ തിരിച്ചുവരവ് ഒരു മെഡിക്കല്‍ അത്ഭുതമായാണ് വിലയിരുത്തുന്നത്. കുട്ടി അപകടനില തരണം ചെയ്തുവെന്നും ഈ മാസം അവസാനത്തോടെ കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ വിശ്വാസം പ്രകടിപ്പിച്ചു. അതേസമയം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ബിജെപി എംഎല്‍എ രംഗത്തുവന്നിട്ടുണ്ട്.

ഒക്ടോബര്‍ പത്തിനാണ് ബറേലിയില്‍ നവജാത ശിശുവിനെ ബാഗിലാക്കി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനുളള ശ്രമത്തിനിടെയാണ് രണ്ടടി താഴ്ചയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാതെ ജനിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ആകാം കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്. ഇതുവരെ കുട്ടിയെ തേടി അവകാശികള്‍ ആരും എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്മശാനഭൂമിയില്‍ നിന്ന് ജീവനോടെ നവജാതശിശുവിനെ കണ്ടെത്തിയ സംഭവം ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. മണ്ണിനടിയില്‍ ഏകദേശം 48 മണിക്കൂറോളം ജീവന് വേണ്ടി കുട്ടി മല്ലടിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. കൊഴുപ്പ് സൂക്ഷിക്കുന്ന കോശജാലം എന്ന് പറയുന്ന adipose tissue ആണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പ്രായം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞതോതില്‍ ഓക്‌സിജന്‍ മതിയെന്നതും കുഞ്ഞിന് രക്ഷയായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 1.1 കിലോ തൂക്കമാണ് ഉണ്ടായിരുന്നത്.ഇപ്പോള്‍ കുട്ടിക്ക് രണ്ടുകിലോ തൂക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ കുഞ്ഞ് ബോട്ടിലില്‍ പാലുകുടിക്കുന്നതായും ചെറിയ അണുബാധ ഒഴിച്ച് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.