മഹാരാഷ്ട്രയില്‍ എന്‍സിപി സര്‍ക്കാരുണ്ടാക്കുമോ? നിര്‍ണായക മണിക്കൂറുകള്‍ 

സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍സിപി ഇന്ന് ഗവര്‍ണറെ അറിയിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ
മഹാരാഷ്ട്രയില്‍ എന്‍സിപി സര്‍ക്കാരുണ്ടാക്കുമോ? നിര്‍ണായക മണിക്കൂറുകള്‍ 

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ഏറ്റവും വലിയ മൂന്നാമത്തെ
ഒറ്റകക്ഷിയായ എന്‍സിപിക്ക്‌ ​ഗവർണർ അനുവദിച്ച സമയം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ബിജെപിയുമായി പിരിഞ്ഞ ശിവസേന എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചത്.

സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമോ എന്ന് ഇന്ന് (ചൊവ്വാഴ്ച്ച) അറിയിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍സിപി ഇന്ന് ഗവര്‍ണറെ അറിയിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. 

എന്‍സിപിക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പന്ത് നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിന്റെ കോർട്ടിലെത്തും. അതുമല്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ആവശ്യമുന്നയിക്കും. അങ്ങനെയെങ്കില്‍ ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും. 

ബിജെപി- ശിവസേന സഖ്യത്തിന് അനുകൂലമായ ജനവിധിയാണ് തിരഞ്ഞെടുപ്പ് സമ്മാനിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്ന സേനയുടെ നിര്‍ബന്ധത്തിന് ബിജെപി വഴങ്ങാതിരുന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.‍ 50-50-ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല. 

ബിജെപി- ശിവസേന സഖ്യം വീണ്ടും തുടര്‍ന്നാല്‍ നിലവിലെ ഭരണ പ്രതിസന്ധി അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരികയാണെങ്കിലും നേട്ടം ബിജെപിക്കാകും. രാഷ്ട്രപതി ഭരണകാലയളവില്‍ മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി ബിജെപി അധികാരത്തില്‍ എത്താനുള്ള സാധ്യതയും തള്ളാനാകില്ല. 

ഒക്ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105സീറ്റാണ് ലഭിച്ചത്. ശിവസേന 56സീറ്റിലും വിജയിച്ചു. എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ അംഗബലം. 288സീറ്റുകളുള്ള സഭയില്‍ 145സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com