അവരുടെ അദ്ധ്വാനമാണ് ഈ നേട്ടത്തിന് പിന്നില്‍; ഉദ്ഘാടകയായത് തൊഴിലാളിയുടെ മകള്‍; കൈയടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th November 2019 09:42 PM |
Last Updated: 13th November 2019 09:42 PM | A+A A- |

ബംഗളൂരു: അദ്ധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്നു കഴിഞ്ഞ ദിവസം ബംഗളുരു റയില്‍വേ സ്‌റ്റേഷന്‍ നടന്ന ഉദ്ഘാടന ചടങ്ങ്.
റയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിച്ച എസ്‌കലേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളിയുടെ മകള്‍ നിര്‍വഹിച്ചത് വേറിട്ട മാതൃകയായി. റയില്‍വെയുടെ ഈ തീരുമാനത്തിന് നവമാധ്യമങ്ങളിലുള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ബംഗളുരു സെന്‍ട്രല്‍ എംപി പി സി മോഹനെയാണ് അധികൃതര്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അയോധ്യ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൊതുചടങ്ങുകള്‍ നടത്തുന്നതിന് തടസ്സമായി. ഇതേതുടര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ തൊഴിലാളിയുടെ മകള്‍ മതിയെന്ന തീരുമാനത്തിലെത്തിയത്്.
നിശ്ചയിക്കപ്പെട്ടതിന് മുമ്പായി എസ്‌കലേറ്ററിന്റെ ജോലി പൂര്‍ത്തിയായതിനാല്‍ ഇത് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നത് വൈകിപ്പിക്കേണ്ടതില്ലെന്നായിരുന്നു റയില്‍വേ അധികൃതരുടെ തീരുമാനം. ഇതേ തുടര്‍ന്ന് അവിടെ മാസങ്ങളായി ജോലി ചെയ്തുവരികയായിരുന്ന ചാന്ദ്ബിബിയുടെ മകളെ ഉദ്ഘാടനത്തിനായി അവര്‍ ക്ഷണിച്ചു. പത്തുവയസ്സുള്ള ബെഗ്ഗുമ്മ റിബണ്‍ മുറിച്ച് എസ്‌കലേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇതിന് പുറമേ പുതുക്കി പണിത എ സി വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും അന്ന് നടന്നു. പ്ലാറ്റ്‌ഫോമിലുണ്ടായ രണ്ട് മുതിര്‍ന്ന പൗരന്മാരാണ് വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. റയില്‍വേ അധികൃതരുടെ നടപടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.