റഫാല്‍ പുനപ്പരിശോധനയിലും വിധി നാളെ; മോദി സര്‍ക്കാരിന് നിര്‍ണായകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th November 2019 12:08 PM |
Last Updated: 13th November 2019 12:08 PM | A+A A- |
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍ വിധി പറയുന്നത്.
റഫാല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. കേസില്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരാണ് റഫാല്‍ കേസില്‍ വിധി പറയുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികളില്‍ വിധി പറഞ്ഞതിനു ശേഷമാവും റഫാല്‍ കേസിലെ വിധി.