കര്‍ണാടകയില്‍  പുതിയ കരുനീക്കവുമായി യെദ്യൂരപ്പ; 17 വിമത എംഎല്‍എമാര്‍ നാളെ ബിജെപിയില്‍ ചേരും

കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 17 റിബല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ
കര്‍ണാടകയില്‍  പുതിയ കരുനീക്കവുമായി യെദ്യൂരപ്പ; 17 വിമത എംഎല്‍എമാര്‍ നാളെ ബിജെപിയില്‍ ചേരും

ബംഗളൂരു: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 17 റിബല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. നാളെ ബിജെപിയില്‍ ചേരുമെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ പതിനേഴ് കോണ്‍ഗ്രസ്, ജനതാ ദള്‍ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീംകോടതി വിധിയോടെ സാഹചര്യം ഒരുങ്ങിയ പശ്ചാത്തലത്തിലാണ് ബിജെപിയുടെ നീക്കം.

കൂറുമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ഇന്ന് ശരിവെച്ചിരുന്നു. എന്നാല്‍ അയോഗ്യതയുടെ കാലയളവ് നിശ്ചയിച്ച സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സാഹചര്യമൊരുങ്ങിയത്. ഇതിന് പിന്നാലെയാണ് ഇവര്‍ നാളെ പാര്‍ട്ടിയില്‍ ചേരുമെന്ന് വ്യക്തമാക്കി ബിജെപിയുടെ പുതിയ രാഷ്ട്രീയ നീക്കം.

സ്പീക്കര്‍ അര്‍ധ ജുഡിഷല്‍ അധികാരമുള്ള സ്ഥാപനമാണെന്ന് വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയെ സമീപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി. അയോഗ്യതയുടെ കാലയളവ് നിശ്ചയിക്കാന്‍ ഭരണഘടന പ്രകാരം സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എന്‍വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാ പരമായ അധികാരത്തിന് അപ്പുറം സ്പീക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്ന പ്രവണത ഏറുകയാണെന്നും ഇതുമൂലം ജനങ്ങള്‍ക്ക് സ്ഥിരതയാര്‍ന്ന സര്‍ക്കാരുകള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

എംഎല്‍എമാരുടെ രാജി സ്വമേധയാ ആണോയെന്നു പരിശോധിക്കുക മാത്രമാണ് സ്പീക്കര്‍ ചെയ്യേണ്ടത്. അങ്ങനെയാണെന്നു ബോധ്യപ്പെട്ടാല്‍ രാജി സ്വീകരിക്കുക തന്നെ വേണം. രാജി ആയാലും അയോഗ്യത ആയാലും പത്താം ഷെഡ്യൂള്‍ പ്രകാരം മണ്ഡലത്തില്‍ ഒഴിവു വരികയാണെന്ന്, അയോഗ്യരാക്കപ്പെട്ടവരെ വീണ്ടും മത്സരിക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. രാജി വച്ചതിലൂടെ അയോഗ്യതയ്ക്കുള്ള കാരണം ഇല്ലാതാവുന്നില്ല. അയോഗ്യതയ്ക്കുള്ള കാരണം രാജി വച്ചതിനു മുമ്പു തന്നെ സംഭവിച്ചുകഴിഞ്ഞതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിലെ പതിനാലും ജനതാ ദളിലെ മൂന്നും എംഎല്‍എമാര്‍ക്ക് അന്നത്തെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അയോഗ്യത കല്‍പ്പിച്ചത്. ഇതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. അയോഗ്യരാക്കപ്പെടുന്നതിനു മുമ്പ് തങ്ങള്‍ രാജി സമര്‍പ്പിച്ചിരുന്നെന്നും അതുകൊണ്ടുതന്നെ അയോഗ്യത നിലനില്‍ക്കില്ലെന്നുമായിരുന്നു എംഎല്‍എമാരുടെ വാദം.കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ പിന്നീടു വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കുണ്ട്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com