ക്ഷണക്കത്ത് തൂവാലയില്‍, സമ്മാനം തുണിസഞ്ചിയില്‍; കളക്ടറുടെ വീട്ടിലെ വേറിട്ട കല്യാണം

ബാലാജി - ശരണ്യ വിവാഹം പരിസ്ഥിതി സൗഹൃദമാക്കാന്‍ തീരുമാനിച്ചാണ് ഇവര്‍ വേറിട്ട സന്ദേശം നല്‍കിയത്
ക്ഷണക്കത്ത് തൂവാലയില്‍, സമ്മാനം തുണിസഞ്ചിയില്‍; കളക്ടറുടെ വീട്ടിലെ വേറിട്ട കല്യാണം

ചെന്നൈ: കല്യാണം ആഢംബരത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. ആര്‍ഭാടം ഉപേക്ഷിച്ച് പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ചെലവുചുരുക്കി വിവാഹം നടത്തി മാതൃകയായവരും നിരവധിയുണ്ട്.  കാഞ്ചിപുരം ഡെപ്യൂട്ടി കളക്ടറായ സെല്‍വമതി വെങ്കിടേഷ് തന്റെ മകന്റെ കല്യാണം പ്രകൃതി സൗഹൃദമാക്കിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ബാലാജി - ശരണ്യ വിവാഹം പരിസ്ഥിതി സൗഹൃദമാക്കാന്‍ തീരുമാനിച്ചാണ് ഇവര്‍ വേറിട്ട സന്ദേശം നല്‍കിയത്. വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത് തൂവാലയിലാണ്. ക്ഷണക്കത്ത് നല്‍കിയതും തുണികൊണ്ടുള്ള ഒരു കവറിലാണ്. തൂവാലയില്‍ പ്രിന്റ് ചെയ്ത ഈ ക്ഷണക്കത്ത് വീണ്ടും ഉപയോഗിക്കാം. അതിലെ എഴുത്തുകള്‍ രണ്ടോ മൂന്നോ തവണ കഴുകുമ്പോഴേക്കും അപ്രത്യക്ഷമാകും.

സദ്യ വിളമ്പാന്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍ പാത്രങ്ങളാണ് ഉപയോഗിച്ചത്. കൈ തുടയ്ക്കാന്‍ ടിഷ്യുവിന് പകരം ചെറിയ തൂവാലകളാണ് നല്‍കിയത്. കല്യാണത്തില്‍ പങ്കെടുത്ത  അതിഥികള്‍ക്ക് നല്‍കിയ സമ്മാനവും വേറിട്ടു നിന്നു. തുണികൊണ്ടുള്ള സഞ്ചിയില്‍ രണ്ട് വിത്തുകളും ഒരു കോട്ടന്‍ തൂവാലുമാണ് നല്‍കിയത്.പച്ചക്കറി വിത്തുകളും വേപ്പിന്റെയും തേക്കിന്റെയും വിത്തുകളുമുള്‍പ്പെടെ രണ്ടായിരത്തോളം വിത്തുകളാണ് കല്യാണത്തിന് വിതരണം ചെയ്തത്. വിത്തുകള്‍ സൂക്ഷിച്ചിരുന്ന കവറില്‍ അവ എങ്ങനെ നടണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ അത് ആരും വലിച്ചെറിഞ്ഞു കളയില്ലെന്നാണ് സെല്‍വമതിയുടെ വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com