ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിൽ വരുമോ ?; ഇന്ന് രണ്ട് നിർണ്ണായക വിധികൾ ; വീണ്ടും ശ്രദ്ധാകേന്ദ്രമായി സുപ്രിംകോടതി

ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും ഇന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയും
ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിൽ വരുമോ ?; ഇന്ന് രണ്ട് നിർണ്ണായക വിധികൾ ; വീണ്ടും ശ്രദ്ധാകേന്ദ്രമായി സുപ്രിംകോടതി

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്നതിൽ സുപ്രീംകോടതി ഇന്ന് നിർണായക വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിൽ സുപ്രധാന വിധി പ്രസ്താവിക്കുന്നത്.  ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും ഇന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയും.

വിവരാവകാശ നിയമകേസിൽ ഉച്ചയ്ക്ക് രണ്ടിനാണ് ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ്  കേസിൽ വാദം കേട്ട ഭരണഘടനാ ബെഞ്ചിലുള്ള ജഡ്ജിമാര്‍. സുപ്രിംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു.

ചീഫ് ജസ്റ്റിസായിരുന്ന എപി ഷാ, ജസ്റ്റിസ് വിക്രംജിത് സെന്‍, എസ് മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍രേതായിരുന്നു വിധി. 2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്‍ടിഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ഡൽഹി ഹൈക്കോടതി വിധി.ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ച് വാദം കേട്ടത്.

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ അധികാരം പണബില്ലിലൂടെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ ബാര്‍ അസോസിയേഷന്റേത് അടക്കം 18 ഓളം ഹര്‍ജികളാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്. കേസില്‍ വാദം കേട്ട സുപ്രിംകോടതി കേസില്‍ വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ഗ്രീന്‍ ട്രൈബ്യൂണല്‍, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ തുടങ്ങി 17 ഓളം ട്രൈബ്യൂണലുകളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. 2017 വരെ ട്രൈബ്യൂണലുകള്‍ക്ക് സ്വതന്ത്ര അധികാരം ഉണ്ടായിരുന്നെന്നും, നിയമനം, കാലാവധി തുടങ്ങിയവയില്‍ സ്വാതന്ത്ര്യവും, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് തുല്യമായ പദവിയും ഉണ്ടായിരുന്നു. എന്നാല്‍ ഫിനാന്‍സ് ആക്ട് 2017 മണിബില്ലിലൂടെ പാസ്സാക്കിയെടുത്ത കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലുകളെ ദുര്‍ബലപ്പെടുത്തിയെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.

അതേസമയം കേരളം ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന റിവ്യൂ ഹര്‍ജിയില്‍ ഇന്ന് വിധി ഉണ്ടാകില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശബരിമല കേസില്‍ വീണ്ടും വാദം കേട്ടത്. കഴിഞ്ഞ സെപ്തംബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹര്‍ജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.

കേസില്‍ വെള്ളിയാഴ്ചയ്ക്കകം വിധി ഉണ്ടാകും. ശബരിമല മണ്ഡലക്കാലം ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും വിധി വരാന്‍ പോകുന്നത്. റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജി, റഫാലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ  ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യക്കേസ് എന്നിവയിലും ചീഫ് ജസ്റ്റിസ് ഈ ആഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ രഞ്ജന്‍ ഗൊഗോയ് 16 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകളില്‍ ഉടന്‍ വിധി പുറപ്പെടുവിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com