ട്രൈബ്യൂണൽ നിയമനം: കേന്ദ്രസർക്കാർ ഭേദഗതി സുപ്രിംകോടതി റദ്ദാക്കി; പണ ബില്ലായി അവതരിപ്പിച്ചത് ഏഴംഗ ഭരണഘടനാബെഞ്ച് പരിശോധിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th November 2019 07:33 AM |
Last Updated: 14th November 2019 07:33 AM | A+A A- |

ന്യൂഡൽഹി : കേന്ദ്ര ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനം, സേവനവ്യവസ്ഥകൾ എന്നിവയ്‌ക്കായി ധനനിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ രൂപീകരിച്ച ചട്ടങ്ങൾ സുപ്രിംകോടതി ഭരണഘടനാബെഞ്ച് റദ്ദാക്കി. അതേസമയം, പണബില്ലായി അവതരിപ്പിച്ച് പാസാക്കിയ 2017ലെ ധനനിയമത്തിലെ 184–-ാം വകുപ്പിന്റെ ഭരണഘടനാസാധുത ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് അംഗീകരിച്ചു. ഈ വകുപ്പുപ്രകാരം പുതിയ ചട്ടങ്ങൾക്ക് രൂപംനൽകാൻ നിർദേശിച്ചു. അതുവരെ ഭേദഗതിക്ക് മുമ്പുണ്ടായിരുന്ന ധനനിയമപ്രകാരം ട്രൈബ്യൂണൽ നിയമനങ്ങൾ നടത്താനും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടന്ന് ധനനിയമം മോദി സർക്കാർ പണബില്ലായി ലോക്സഭയിൽ പാസാക്കിയത് നിയമപരമാണോ എന്ന കാര്യം കൂടുതൽ വിപുലമായ ബെഞ്ച് പരിശോധിക്കും. ധനനിയമം പണ ബില്ലായി കൊണ്ടുവന്നത് ഭരണഘടനാപരമായി ശരിയാണോ എന്ന് പരിശോധിക്കാൻ ഏഴംഗ ഭരണഘടനാബെഞ്ചിന് വിട്ടു. നിയമഭേദഗതി ദേശീയ ഹരിത ട്രിബ്യൂണൽ, ദേശീയ കമ്പനിനിയമ അപ്പലേറ്റ് ട്രിബ്യൂണൽ, ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ തുടങ്ങി 36 ട്രിബ്യൂണലുകളുടെ ഘടനയെയും അധികാരങ്ങളെയും ബാധിക്കുമെന്ന് ആരോപിച്ച് റവന്യു ബാർ അസോസിയേഷൻ അടക്കം നൽകിയ ഹർജികളിലാണ് ഉത്തരവ്.
ട്രൈബ്യൂണലുകളുടെ നീതിന്യായ പ്രത്യാഘാത വിലയിരുത്തൽ അനിവാര്യമാണെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി തനിക്കും ജസ്‌റ്റിസുമാരായ എൻ വി രമണക്കും സഞ്‌ജീവ് ഖന്നക്കും വേണ്ടി എഴുതിയ വിധിയിൽ നിർദേശിച്ചു. ധനനിയമത്തിലെ വ്യവസ്ഥകൾ കേന്ദ്രം പുനഃപരിശോധിക്കണമെന്ന് വിധി എഴുതിയ ചീഫ് ജസ്‌റ്റിസും ജസ്‌റ്റിസുമാരായ എൻ വി രമണ, സഞ്‌ജീവ് ഖന്ന, ദീപക് ഗുപ്‌ത എന്നിവരും വ്യക്തമാക്കി. ട്രൈബ്യൂണൽ നിയമനരീതി സ്വതന്ത്രമായ നീതിന്യായസംവിധാനത്തെ ബാധിക്കുമെന്ന് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രത്യേകവിധിയിൽ പറഞ്ഞു.