രാഹുലിന് ആശ്വാസം ; കോടതിയലക്ഷ്യ കേസ് സുപ്രിംകോടതി തള്ളി ; രാഹുൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th November 2019 11:42 AM |
Last Updated: 14th November 2019 11:42 AM | A+A A- |

ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ നടത്തിയ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമായാ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി അലക്ഷ്യ ഹർജി തീർപ്പാക്കിയത്.
ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്നും, കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.
പുനഃപരിശോധനാ ഹർജിക്കാർ ഹാജരാക്കിയ മൂന്ന് രഹസ്യരേഖകൾ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ‘ചൗക്കിദാർ ചോർ ഹേ’ എന്നു മോദിയെക്കുറിച്ചു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതിൽ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുല്‍ പിന്നീടു കോടതിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.