ഹര്‍ജി 'കോപ്പിയടിച്ചു' , ഡികെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയായി; കോടതിയുടെ രൂക്ഷ വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th November 2019 02:14 PM |
Last Updated: 15th November 2019 02:14 PM | A+A A- |

ന്യൂഡല്‍ഹി: പി ചിദംബരത്തിന് എതിരായി നല്‍കിയ ഹര്‍ജി അതേപോലെ പകര്‍ത്തി ഡികെ ശിവകുമാറിനെതിരെ നല്‍കിയ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ പൗരന്മാരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് പറഞ്ഞു.
കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇഡിക്കു വേണ്ടി ഹാജരായത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ അതിലെ പിശകുകള്‍ കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
പി ചിദംബരത്തിന് എതിരായ ഹര്‍ജി പകര്‍ത്തിയാണ് ശിവകുമാറിനെതിരെ സമര്‍പ്പിച്ചിരിക്കുന്നെന്ന് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. ശിവകുമാറിനെ മുന്‍ ആഭ്യന്തര മന്ത്രി എന്നാണ് ഹര്‍ജിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയല്ല രാജ്യത്തെ പൗരന്മാരോടു പെരുമാറേണ്ടതെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.
ശബരിമല കേസിലെ വിയോജിപ്പു വിധി വായിക്കാന്‍ ജസ്റ്റിസ് നരിമാന്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. കോടതി വിധികള്‍ കളിക്കാനുള്ളതല്ല. അവ നിലനില്‍ക്കുന്നവയാണെന്ന് സര്‍ക്കാരിനെ അറിയിക്കാന്‍ തുഷാര്‍ മേത്തയ്ക്ക് കോടതി നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി കോടതി തള്ളി.