'ആളുകള്‍ വിവാഹം കഴിക്കുന്നുണ്ട്, ട്രെയിനുകള്‍ നിറഞ്ഞ് ഓടുന്നുണ്ട്' ; രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന വാദം തള്ളി കേന്ദ്രമന്ത്രി

ട്രെയിനുകളും വിമാനങ്ങളും നിറയെ യാത്രക്കാരെക്കൊണ്ടാണ് സര്‍വീസ് നടത്തുന്നത്
'ആളുകള്‍ വിവാഹം കഴിക്കുന്നുണ്ട്, ട്രെയിനുകള്‍ നിറഞ്ഞ് ഓടുന്നുണ്ട്' ; രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന വാദം തള്ളി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുകയാണെന്ന പ്രതിപക്ഷത്തിന്‍രെ ആരോപണങ്ങള്‍ തള്ളി കേന്ദ്രമന്ത്രി രംഗത്ത്. ആളുകള്‍ വിവാഹം കഴിക്കുന്നുണ്ട്. ട്രെയിനുകളും വിമാനങ്ങളും നിറയെ യാത്രക്കാരെക്കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നാണ്. കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗടിയാണ് സാമ്പത്തിക മാന്ദ്യം ഇല്ലെന്ന് സ്ഥാപിക്കാന്‍ വിചിത്രവാദവുമായി രംഗത്തുവന്നത്.

ബിജെപി സര്‍ക്കാരിനെതിരെ വേറെയൊന്നും പറയാനില്ലാത്തതിനാല്‍ ചിലയാളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സാമ്പത്തിക നില താഴേയ്ക്ക് പോകാറുണ്ട്. എന്നാല്‍ ഇത് വളരെ പെട്ടെന്ന് തന്നെ ഉയർന്ന സ്ഥിതിയിലേക്ക് കയറാറുണ്ടെന്നും മന്ത്രി പറഞ്ഞു.

തുണ്ട കുര്‍ജ ചരക്കു ഇടനാഴിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി സുരേഷ് അംഗടി ഇങ്ങനെ പ്രതികരിച്ചത്. ചരക്ക് ഇടനാഴി ഉടന്‍ കമ്മീഷന്‍ ചെയ്യാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. സാമ്പത്തിക മാന്ദ്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി ഉത്തേജക പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com