'ഭാര്യ വീട്ടിലില്ല, വന്ന് ഭക്ഷണം വച്ച് തരൂ'; അര്‍ധ രാത്രി വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ മെസേജ്; വിവാദം

സര്‍വകലാശാല അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപണം
'ഭാര്യ വീട്ടിലില്ല, വന്ന് ഭക്ഷണം വച്ച് തരൂ'; അര്‍ധ രാത്രി വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ മെസേജ്; വിവാദം

ഡെറാഡൂണ്‍: സര്‍വകലാശാല അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപണം. അധ്യാപകനെതിരെ പെണ്‍കുട്ടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിബി പന്ത് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

പരാതിക്കാരിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്. ഇതേ ഹോസ്റ്റലിന്റെ വാര്‍ഡനാണ് ആരോപണ വിധേയനായ അധ്യാപകന്‍. ഇയാള്‍ക്കെതിരെ ഓക്ടോബറില്‍ പെണ്‍കുട്ടി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്.

അര്‍ധ രാത്രി സമയത്ത് അധ്യാപകന്‍ നിരന്തരം വിദ്യാര്‍ത്ഥിനിയെ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഫോണ്‍ എടുക്കാറില്ല. ഒരു ദിവസം ഇയാള്‍ പെണ്‍കുട്ടിക്ക് മെസേജ് അയച്ചു. ജന്മദിന ആശംസകള്‍ നേര്‍ന്നായിരുന്നു മെസേജ്. അതിന് താഴെ 'ഭാര്യ വീട്ടിലില്ല, ആരാണ് ഭക്ഷണം വയ്ക്കുക, നീ വരൂ' എന്ന് മെസേജിലൂടെ അധ്യാപകന്‍ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സര്‍വകലാശാല അച്ചടക്ക കമ്മിറ്റി യോഗത്തില്‍ വച്ച് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞിരുന്നു. വൈസ് ചാന്‍സലര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ തെളിവായി അധ്യാപകന്‍ അയച്ച മെസേജും വിദ്യാര്‍ത്ഥിനി കാണിച്ചു. എന്നാല്‍ ആരോപണ വിധേയനെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല.

പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ആരോപണ വിധേയനായ അധ്യാപകനെ ഹോസ്റ്റല്‍ വാര്‍ഡന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായും അധികൃതര്‍ പറയുന്നു.

സംഭവം വിവാദമായതോട ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ വിഷയത്തില്‍ ഇടപെട്ടു. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ആരോപണ വിധേയനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ നടത്തിപ്പ് സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com