മഹാരാഷ്ട്രയില്‍ ശിവസേന സഖ്യസര്‍ക്കാരിന് സാധ്യത തെളിഞ്ഞു ; നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും

അന്തിമചര്‍ച്ചയ്ക്കായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, ഡല്‍ഹിയിലെത്തി സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
മഹാരാഷ്ട്രയില്‍ ശിവസേന സഖ്യസര്‍ക്കാരിന് സാധ്യത തെളിഞ്ഞു ; നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരമാകുന്നു. ശിവസേനയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയേറി. ശിവസേന-എന്‍സിപി- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സഖ്യത്തിന് പാര്‍ട്ടികള്‍ക്കിടയില്‍ ഏകദേശ ധാരണയായി. ഈ മൂന്നു പാര്‍ട്ടികളും ചേര്‍ന്നുള്ള പൊതുമിനിമം പരിപാടിയും തയ്യാറാക്കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ അന്തിമചര്‍ച്ചയ്ക്കായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, ഡല്‍ഹിയിലെത്തി സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ എന്‍സിപി നേതാവ് ശരദ് പവാറും സംബന്ധിച്ചേക്കും. സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണും. സഖ്യം രൂപീകരിച്ചെന്ന് ഇവര്‍ ഗവര്‍ണറെ അറിയിക്കും.

കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരണോ എന്ന കാര്യത്തിലും ഉദ്ധവ്- സോണിയാ ചര്‍ച്ചയ്ക്ക് ശേഷമാകും തീരുമാനമെടുക്കുക. സഖ്യസര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളിയാകണമെന്നാണ് ശിവസേനയും എന്‍സിപിയും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായക്കാരാണ്.

ശിവസേനയ്ക്ക് അഞ്ചുവര്‍ഷവും മുഖ്യമന്ത്രിപദം വിട്ടുനല്‍കുകയും, എന്‍സിപിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രിസ്ഥാനവും സ്വീകരിക്കുക എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ധാരണ. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുവികാരം. താക്കറെ മാറിനിന്നാല്‍ സേന നേതാവ് ഏകനാഥ് ഷിന്‍ഡെ അടക്കമുള്ള നേതാക്കള്‍ പരിഗണിക്കപ്പെട്ടേക്കാം.

അതേസമയം ഉദ്ധവ് മുഖ്യമന്ത്രിയായില്ലെങ്കില്‍ മുഖ്യമന്ത്രിപദം പങ്കിടണമെന്ന ആവശ്യം എന്‍സിപി ഉയര്‍ത്തുമെന്നും സൂചനയുണ്ട്. നിലവിലെ ധാരണ അനുസരിച്ച് ശിവസേനയ്ക്കും എന്‍സിപിക്കും 14 മന്ത്രിസ്ഥാനം വീതവും കോണ്‍ഗ്രസിന് 12 മന്ത്രി പദവിയും എന്ന ഫോര്‍മുലയാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. സ്പീക്കര്‍ പദവിയില്‍ കോണ്‍ഗ്രസ് നോട്ടമിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ശിവസേനയുടെ ആവശ്യം തങ്ങള്‍ ചര്‍ച്ചചെയ്യുന്നതായി ശരദ് പവാര്‍ സൂചിപ്പിച്ചു. എന്‍സിപി മുഖ്യമന്ത്രി പദത്തിനായി പിടിവാശിക്കില്ലെന്ന് പാര്‍ട്ടി നേതാവ് നവാബ് മാലികും സൂചിപ്പിച്ചു. മുഖ്യമന്ത്രി പദവിയെച്ചൊല്ലിയാണ് ബിജെപിയും ശിവസേനയും തമ്മില്‍ പിരിഞ്ഞതെന്നും മാലിക് പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com