യൂനിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ആർഎസ്എസ് പതാക എടുത്തു മാറ്റിയതിന് നടപടി; അധ്യാപിക രാജിവച്ചു

ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്ത അധ്യാപിക രാജിവച്ചു
യൂനിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ആർഎസ്എസ് പതാക എടുത്തു മാറ്റിയതിന് നടപടി; അധ്യാപിക രാജിവച്ചു

ന്യൂഡൽഹി: ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്ത അധ്യാപിക രാജിവച്ചു. ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് കൊടി നീക്കം ചെയ്തതിനെ തുടര്‍ന്ന് മത വികാരം വ്രണപ്പെടുത്തിയെന്നും ജാതി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്നുമുള്ള പരാതിയിലാണ് നടപടി സ്വീകരിച്ചത്.

ഡെപ്യൂട്ടി ചീഫ് പ്രോക്ടറായ കിരണ്‍ ദാംലെയാണ് രാജിവച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ കായിക വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടറാണ് കിരണ്‍ ദാംലെ.

വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ ദാംലെ രാജിക്കത്ത് നൽകുകയായിരുന്നു. അതേസമയം രാജി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍വകലാശാല തീരുമാനമെടുത്തിട്ടില്ല.

മിര്‍സാപൂരിലെ സൗത്ത് ക്യാമ്പസിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആര്‍എസ്എസ് ക്യാമ്പ് ക്യാമ്പസിനകത്ത് നടത്താന്‍ ശ്രമിച്ചതിനെ കിരണ്‍ ദാംലെ എതിര്‍ത്തു. തുടര്‍ന്ന് ക്യാമ്പസില്‍ സ്ഥാപിച്ച ആര്‍എസ്എസ് പതാക എടുത്തു മാറ്റി. പിന്നാലെ വിദ്യാര്‍ഥികളിലെ ഒരു വിഭാഗം അധ്യാപികയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു.

ആര്‍എസ്എസ് പ്രാദേശിക നേതാവിന്‍റെ പരാതിയിലാണ് പൊലീസ് അധ്യാപികക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ കാവിക്കൊടി കണ്ടെന്നും ഇത് ആരുടേതാണെന്ന് അന്വേഷിച്ചപ്പോള്‍ ആരും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് കൊടി പുറത്തേക്ക് മാറ്റിയെന്നുമാണ് അധ്യാപികയുടെ വിശദീകരണം.

എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷമായി സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് പരിപാടി നടത്തുന്നുണ്ടെന്നും സംഭവ ദിവസം അധ്യാപിക മനഃപൂര്‍വം ആര്‍എസ്എസ് പതാകയെ അപമാനിക്കുകയായിരുന്നു എന്നാണ് ആര്‍എസ്എസ് നേതാക്കൾ പറയുന്നത്. നേതാക്കളെ അപമാനിച്ചെന്നും അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com