സ്ത്രീധനമായി 11 ലക്ഷം രൂപ വെച്ചുനീട്ടി ; 11 രൂപയും ഒരു തേങ്ങയും മതിയെന്ന്  സിഐഎസ്എഫ് ജവാൻ ; കൈയടിയുമായി സോഷ്യൽ മീഡിയ

വച്ചുനീട്ടിയ സ്ത്രീധനം തൊഴുകൈയോടെ ജിതേന്ദ്ര നിഷേധിച്ചത് കണ്ട് വധുവിന്റെ പിതാവിന്റെ കണ്ണ് നിറഞ്ഞു
സ്ത്രീധനമായി 11 ലക്ഷം രൂപ വെച്ചുനീട്ടി ; 11 രൂപയും ഒരു തേങ്ങയും മതിയെന്ന്  സിഐഎസ്എഫ് ജവാൻ ; കൈയടിയുമായി സോഷ്യൽ മീഡിയ

ജയ്പൂര്‍: രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചെങ്കിലും സ്ത്രീധനം നൽകാൻ ശേഷിയില്ലാത്തതിനാൽ വിവാഹം സ്വപം കണ്ട് നിരവധി നിർധന സ്ത്രീകളാണ് കഴിയുന്നത്. അതേസമയം മറുവശത്ത് പണവും ആഭരണങ്ങളും കൊണ്ട് മൂടി വധുക്കൾ വിവാഹവേദിയിൽ നിൽക്കുന്ന ചിത്രങ്ങളും സുപരിചിതമാണ്. മാതൃകയാകേണ്ട നേതാക്കളുടെ മക്കളുടെ വിവാഹം പോലും ആർഭാട അരങ്ങാകുന്നതിന്റെ വാർത്തകൾ നിരവധിയാണ് നാം കണ്ടിട്ടുള്ളത്.

എന്നാൽ ഇതിൽ നിന്നെല്ലാം മാതൃകയാകുകയാണ് സിഐഎസ്എഫ് ജവാനായ ജിതേന്ദ്രസിങ്.  വിവാഹ ചടങ്ങില്‍ വധുവിന്റെ അച്ഛന്‍ സ്ത്രീധനമായി വച്ചുനീട്ടിയ 11 ലക്ഷം ജിതേന്ദ്ര സ്വീകരിച്ചില്ല. 11 ലക്ഷത്തിന് പകരം 11 രൂപയും ഒരു തേങ്ങയുമാണ് വധുവിന്റെ മാതാപിതാക്കളില്‍ നിന്ന് വരന്‍ കൈപ്പറ്റിയത്.  സിഐഎസ്എഫ് ജവാന്റെ മാതൃകാപരമായ പെരുമാറ്റത്തെ നിറഞ്ഞമനസ്സോടെ ശ്ലാഘിക്കുകയാണ്  ബന്ധുക്കളും സോഷ്യല്‍മീഡിയയും.

നവംബര്‍ എട്ടിനായിരുന്നു  സിഐഎസ്എഫ് ജവാനായ ജീതേന്ദ്ര സിങിന്റെ വിവാഹം. വച്ചുനീട്ടിയ സ്ത്രീധനം തൊഴുകൈയോടെ ജിതേന്ദ്ര നിഷേധിച്ചത് കണ്ട് വധുവിന്റെ പിതാവിന്റെ കണ്ണ് നിറഞ്ഞു. 'അവള്‍ ജുഡീഷ്യല്‍ സര്‍വീസിലെത്താനുള്ള പരിശീലനത്തിലാണ്. അവള്‍ ഒരു മജിസ്‌ട്രേറ്റ് ആകുകയാണെങ്കില്‍ എന്റെ കുടുംബത്തിന് ഈ പണത്തേക്കാള്‍ അതാണ് കൂടുതല്‍ വിലപ്പെട്ടത് എന്നായിരുന്നു ജിതേന്ദ്ര സിങ്ങിന്റെ മറുപടി.

ജിതേന്ദ്ര സിങ്ങിന്റെ ഭാര്യ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി ഇപ്പോള്‍ ഡോക്ടറേറ്റിനായുള്ള പഠനത്തിലാണ്. പണം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കണ്ട് വരന്റെ കുടുംബത്തിന് വിവാഹത്തിന്റെ ഒരുക്കങ്ങളില്‍ എന്തോ അനിഷ്ടമുണ്ടെന്നാണ്  കരുതിയത്. പിന്നീടാണ് സ്ത്രീധനത്തോടുള്ള എതിര്‍പ്പാണെന്ന് കാരണമെന്ന് മനസ്സിലായതെന്ന് വധുവിന്റെ പിതാവ് ഗോവിന്ദ് സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com