കൊതുകുശല്യം രൂക്ഷമായി ; യുവാവിനെ ഉലക്കയ്ക്ക് അടിച്ച് ഭാര്യയും മകളും ; കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th November 2019 06:59 AM |
Last Updated: 16th November 2019 06:59 AM | A+A A- |

പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: കൊതുകു ശല്യം നിയന്ത്രിക്കാത്തതിന് യുവാവിനെ ഭാര്യയും മകളും ചേർന്ന് ക്രൂരമായി മർദിച്ചു. അഹമ്മദാബാദിലെ നരോഡയിലാണ് സംഭവം. സഞ്ജയ്പാര്‍ക്ക് സ്വദേശി ഭുപേന്ദ്ര ലിയോവയെയാണ് കൊതുകുശല്യത്തിന്റെ പേരില്‍ ഭാര്യയും മകളും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ ഭുപേന്ദ്രയുടെ ഭാര്യ സംഗീത, മകള്‍ ചിടല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എല്‍ഇഡി ലൈറ്റ് വില്‍പ്പനക്കാരനായ ഭുപേന്ദ്രയ്ക്ക് കച്ചവടം ഇല്ലാത്തതിനാല്‍ വീട്ടിൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് മാസമായി കറന്റ് ബില്‍ അടയ്ക്കാൻ കഴിയാതിരുന്നതിനാൽ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഉറങ്ങുന്നതിനിടെ ഫാനില്ലാത്തതിനാല്‍ അമിതമായി കൊതുകിന്റെ ശല്യം നേരിടുന്നതായി സംഗീത ഭുപേന്ദ്രയോട് പറഞ്ഞു. തന്റെ അടുത്ത് വന്ന് കിടന്നാല്‍ കൊതുകിന്റെ ശല്യം ഉണ്ടാകില്ലെന്ന് ഭുപേന്ദ്ര സംഗീതയോട് തമാശയായി പറഞ്ഞു.
എന്നാൽ ഇത് ഇഷ്ടപ്പെടാതെ കുപിതയായ സംഗീത അടുക്കളയില്‍ നിന്ന് ഉലക്ക എടുത്ത് വന്ന് കട്ടിലില്‍ കിടന്ന ഭുപേന്ദ്രയെ തള്ളിയിട്ട് മര്‍ദിച്ചു. സംഗീതയ്ക്കൊപ്പം മകള്‍ ചിടലും അലക്കുവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതായി ഭുപേന്ദ്ര പൊലീസിനോട് പറഞ്ഞു. നിലവിളി കേട്ട് അയല്‍വാസികള്‍ ഭുപേന്ദ്രയുടെ സഹോദരന്‍ മഹേന്ദ്രയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹേന്ദ്രയും അയല്‍വാസികളും ചേര്‍ന്നാണ് ഭുപേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.