മാധ്യമപ്രവർത്തകർ ചമഞ്ഞ് ജ്വല്ലറിയിൽ തട്ടിപ്പ്, ഭീഷണി; ലക്ഷങ്ങൾ തട്ടിയ സംഘം അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th November 2019 05:45 AM |
Last Updated: 16th November 2019 05:45 AM | A+A A- |
ചെന്നൈ: സ്വർണത്തിൽ മായം ചേർത്തെന്ന് ആരോപിച്ച് മാധ്യപ്രവർത്തകർ ചമഞ്ഞെത്തി നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് പണം തട്ടിയ സംഘം അറസ്റ്റിൽ. ഒമ്പത് പേർ അടങ്ങുന്ന സംഘമാണ് ചെന്നൈ ടി നഗറിലെ ഉസ്‌മാൻ റോഡിൽ പ്രവർത്തിക്കുന്ന ശരവണ സ്റ്റോഴ്‌സ് എലീറ്റ് ജ്വല്ലറിയിൽ തട്ടിപ്പ് നടത്തിയത്. കട ഉടമ ശിവ അരുൾദുരൈയെ ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയെടുത്തത്.
തിരുനൽവേലി സ്വദേശിയായ ധനശേഖർ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ച നടത്തിയത്. മായം ചേർന്ന സ്വർണം കൊണ്ട് മാല ഉണ്ടാക്കി നൽകിയെന്ന് ആരോപിച്ചാണ് ധനശേഖറും സംഘവും പണം തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ജ്വല്ലറിക്കെതിരെ വാർത്ത നൽകുമെന്ന് പറഞ്ഞാണ് ധനശേഖർ ഉടമയെ ഭീഷണിപ്പെടുത്തിയത്. ആദ്യം കടയിലെത്തിയ ധനശേഖർ സ്വർണനാണയങ്ങൾ നൽകി സ്വർണമാല വാങ്ങി. കടയിൽ നിന്ന് വാങ്ങിയ മാലയിലെ സ്വർണത്തിൽ മായം ചേർന്നിട്ടുണ്ടെന്ന് പറഞ്ഞ് ധനശേഖർ ബഹളമുണ്ടാക്കി.
മായം ചേർന്ന സ്വർണം ഉപയോഗിച്ചാണ് അവിടെ മാല നിർമിക്കുന്നതെന്ന് മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന് ധനശേഖറും ഒപ്പമെത്തിയവരും ശിവ അരുൾദുരൈയോട് പറഞ്ഞു. ഒരു കോടി രൂപ നൽകിയാൽ വാർത്ത കൊടുക്കില്ലെന്നും ധനശേഖർ ജ്വല്ലറി ഉടമയോട് പറഞ്ഞു. ധനശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വാങ്ങി. ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ജ്വല്ലറി ഉടമ സംഘത്തിനെതിരെ പൊലീസില്‍ പരാതി നൽകിയത്.