ശബരിമല വിധിയില്‍ അവ്യക്തത; നിയമോപദേശം തേടണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th November 2019 08:36 PM |
Last Updated: 16th November 2019 08:36 PM | A+A A- |

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. അതിനായി നിയമോപദേശം തേടണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നിലപാട് വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതീപ്രവേശനത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി മുന്നോട്ടുപോകും. സംസ്ഥാന സര്‍ക്കാരിന് മറിച്ചൊരു നിലപാടില്ലെന്നും പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. നാളെ ഇതുസംബന്ധിച്ച് വിശദമായ വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തി വിധി നടപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത്. റിവ്യൂ ഹര്‍ജികളിലെ വിധിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തുവെന്നമട്ടില്‍ ചില മാധ്യമ വാര്‍ത്തകളില്‍ വന്നതില്‍ പലതും ഭാവന മാത്രമാണെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
സ്ത്രീപുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍, അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. 1991ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു.
ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.