രാജ്യത്ത് എല്ലാവര്‍ക്കും ഒരേ ദിവസം ശമ്പളം; 'വണ്‍ നേഷന്‍ വണ്‍ പേ ഡേ' പദ്ധതിയുമായി കേന്ദ്രം

സംഘടിത തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്‌വര്‍
രാജ്യത്ത് എല്ലാവര്‍ക്കും ഒരേ ദിവസം ശമ്പളം; 'വണ്‍ നേഷന്‍ വണ്‍ പേ ഡേ' പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ദിവസം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവര്‍ക്കും ശമ്പളം നല്‍കുന്ന 'വണ്‍ നേഷന്‍, വണ്‍ പേ ഡേ' സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സംഘടിത തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്‌വര്‍ പറഞ്ഞു.

രാജ്യത്ത് വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ദിവസം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവര്‍ക്കും ശമ്പളം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സമയബന്ധിതമായി ശമ്പളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം സാധ്യമാക്കണമെന്ന ആഗ്രഹമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ചതെന്ന് സന്തോഷ് ഗാങ്‌വര്‍ പറഞ്ഞു.  സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ സുരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാനുളള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. തൊഴില്‍മേഖലയില്‍ വ്യാപകമായ പരിഷ്‌കരണ നടപടികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. വേജ് കോഡ് ഉള്‍പ്പെടെ തൊഴില്‍ മേഖലയില്‍ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടുളള വിവിധ കോഡ് ബില്ലുകള്‍ ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റ് ഇതിനോടകം വേജ് കോഡ് ബില്‍ പാസാക്കി കഴിഞ്ഞു. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com