കോണ്‍ഗ്രസ് എംഎല്‍എയെ മിന്നുകെട്ടാന്‍ പഞ്ചാബില്‍ നിന്നൊരു കോണ്‍ഗ്രസ് എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th November 2019 05:38 PM |
Last Updated: 17th November 2019 05:38 PM | A+A A- |

റായ്ബറേലി: റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ് വിവാഹിതയാകുന്നു. പഞ്ചാബ് നിയമസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ അന്‍ഗദ് സിങ് സെയ്‌നിയാണ് വരന്‍. നവംബര്‍ 21ന് ഡല്‍ഹിയിലെ റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. 2017ലാണ് ഇരുവരും കന്നിയങ്കത്തിലൂടെ എംഎല്‍എമാരായത്.
വിവാഹത്തിന് അടുത്ത ആളുകള്‍ക്ക് മാത്രമാണ് ക്ഷണം ഉള്ളത്. വരന്റെ കുടുംബം നവംബര്‍ 23ന് റിസപ്ഷന്‍ നടത്തും. അദിതിയുടെ പിതാവിന്റെ മരണം അടുത്തിടെയായിരുന്നതിനാലാണ് വധുവിന്റെ വീട്ടിലെ വിവാഹ ചടങ്ങുകള്‍ ചുരുക്കിയത്.
അഞ്ച് തവണ റായ് ബറേലി സര്‍ദാര്‍ സീറ്റില്‍ നിന്ന് എംഎല്‍എ ആയിരുന്ന പരേതനായ അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി. ആറ് തവണ പഞ്ചാബിലെ നവന്‍ഷഹര്‍ സീറ്റ് നേടിയ പരേതനായ ദില്‍ബാഗ് സിങ്ങിന്റെ കുടുംബത്തിലെ അംഗമാണ് അന്‍ഗദ്് സൈനി. അന്‍ഗദ് സിക്കുമതക്കാരനും അദിതി ഹിന്ദുമതക്കാരിയുമാണ്. രണ്ടുമതാചാരങ്ങള്‍ അനുസരിച്ചായിരിക്കും വിവാഹചടങ്ങുകള്‍
അന്‍ഗദിന്റെ വീട്ടിലെ വിവാഹസല്‍ക്കാരം വിപുലമായ രീതിയിലായിരിക്കും. വിവാഹസല്‍ക്കാരത്തിലേക്ക്് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്ക് ഉള്‍പ്പടെ ക്ഷണമുണ്ട്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ അദിതി.
പാര്‍ട്ടി വിപ്പ് ധിക്കരിച്ച് ഒക്ടോബര്‍ രണ്ടിന് നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത അതിദിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് എംഎല്‍എ മറുപടി നല്‍കിയിരുന്നില്ല.