'കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യം'; ശബരിമല യുവതി പ്രവേശത്തില്‍ സീതാറാം യെച്ചൂരി

വിശാല ബഞ്ചിന്റെ തീര്‍പ്പ് വരും വരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി
'കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യം'; ശബരിമല യുവതി പ്രവേശത്തില്‍ സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമലയിലെ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല ബഞ്ചിന്റെ തീര്‍പ്പ് വരും വരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ആക്റ്റിവിസ്റ്റുകള്‍ക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി. കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി.

ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കാനില്ലെന്നായിരുന്നു ദേവസ്വം മന്ത്രി പറഞ്ഞത്.പൊലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ പോകണമെന്നുണ്ടെങ്കില്‍ അവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍പോലും രണ്ടുതട്ടിലാണ് പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരുകൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്ന് മറ്റൊരുകൂട്ടര്‍. സ്വാഭാവികമായും സുപ്രീംകോടതി തന്നെ അതുസംബന്ധിച്ച് വ്യക്തത നല്‍കേണ്ടതുണ്ട്.  അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ട് എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇത് തന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com