കൈക്കൂലി വീതംവെയ്ക്കുന്നതില്‍ തര്‍ക്കം, വില്ലേജ് ഓഫീസര്‍മാര്‍ തമ്മില്‍ത്തല്ലി; ചെവിയും മൂക്കും കടിച്ചെടുത്തു, സസ്‌പെന്‍ഷന്‍

കൈക്കൂലിയായി പിരിഞ്ഞുകിട്ടിയ തുക പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കം വില്ലേജ് ഓഫീസര്‍മാര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ കലാശിച്ചു
കൈക്കൂലി വീതംവെയ്ക്കുന്നതില്‍ തര്‍ക്കം, വില്ലേജ് ഓഫീസര്‍മാര്‍ തമ്മില്‍ത്തല്ലി; ചെവിയും മൂക്കും കടിച്ചെടുത്തു, സസ്‌പെന്‍ഷന്‍

കര്‍ണൂല്‍:  കൈക്കൂലിയായി പിരിഞ്ഞുകിട്ടിയ തുക പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കം വില്ലേജ് ഓഫീസര്‍മാര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ കലാശിച്ചു. കയ്യാങ്കളിയില്‍ പരിക്കേറ്റ  രണ്ടു റവന്യൂ ഉദ്യോഗസ്ഥരയെും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ മൂക്കിനും ചെവിയ്ക്കുമാണ് പരിക്ക്. സംഭവമറിഞ്ഞ ജില്ലാ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ആന്ധ്രാപ്രദേശിലെ കര്‍ണൂലിലാണ് സംഭവം. തഹസില്‍ദാര്‍ ഓഫീസില്‍ കംമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വേണുഗോപാല്‍ റെഡ്ഡിയും വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണദേവരായ്യയും തമ്മിലുളള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കായി റവന്യൂ ഉദ്യോഗസ്ഥരെ സമീപിക്കുന്ന അപേക്ഷകരില്‍ നിന്ന്് അന്യായമായി പിരിച്ചെടുത്ത തുക വീതംവെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്.

വില്ലേജ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന അപേക്ഷകള്‍ അപലോഡ് ചെയ്യുന്ന ജോലിയാണ് വേണുഗോപാല്‍ റെഡ്ഡിയുടേത്. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കര്‍ഷകര്‍ ഉള്‍പ്പെടെയുളളവരില്‍  നിന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം ആവശ്യപ്പെടുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഒരു വിഹിതം വേണുഗോപാല്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. നേരത്തെ ഈ ആവശ്യം നിരന്തരം ഉന്നയിച്ച് വേണുഗോപാല്‍ റെഡ്ഡി ശല്യപ്പെടുത്തുന്നതായി കാണിച്ച് സഹപ്രവര്‍ത്തകര്‍ മേലധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ജോലിയുടെ ഭാഗമായി എത്തിയ വേണുഗോപാല്‍ റെഡ്ഡിയും കൃഷ്ണദേവരായ്യയും തമ്മില്‍ ഇക്കാര്യം ചോദിച്ച് വഴക്കായി. വഴക്ക് കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെരുപ്പൂരിയും മറ്റുമാണ് പരസ്പരം ഏറ്റുമുട്ടിയത്. മറ്റു ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വൃഥാവിലായി.

തുടര്‍ന്ന് തഹസില്‍ദാര്‍ തിരുപ്പതി സായിയുടെ മുന്നിലും ഇവര്‍ പരസ്പരം ഏറ്റുമുട്ടി. അടിപിടിയില്‍ കൃഷ്ണദേവരായ്യ വേണുഗോപാലിന്റെ ചെവിയും മൂക്കും കടിച്ചെടുത്തതായാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com