അര്‍ദ്ധരാത്രി വിസ്‌കി കുടിക്കാന്‍ മോഹം, ഇന്റര്‍നെറ്റില്‍ കടയ്ക്കായി തെരച്ചില്‍; ഡോക്ടര്‍ക്ക് 26,000 രൂപ നഷ്ടപ്പെട്ടു, തട്ടിപ്പ്

അര്‍ദ്ധരാത്രി മദ്യം വാങ്ങാന്‍ ഓണ്‍ലൈനിനെ ആശ്രയിച്ച ഡോക്ടര്‍ തട്ടിപ്പിന് ഇരയായി
അര്‍ദ്ധരാത്രി വിസ്‌കി കുടിക്കാന്‍ മോഹം, ഇന്റര്‍നെറ്റില്‍ കടയ്ക്കായി തെരച്ചില്‍; ഡോക്ടര്‍ക്ക് 26,000 രൂപ നഷ്ടപ്പെട്ടു, തട്ടിപ്പ്

പുനെ: അര്‍ദ്ധരാത്രി മദ്യം വാങ്ങാന്‍ ഓണ്‍ലൈനിനെ ആശ്രയിച്ച ഡോക്ടര്‍ തട്ടിപ്പിന് ഇരയായി. 26,652 രൂപ നഷ്ടമായതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പുനെയിലാണ് സംഭവം. അര്‍ദ്ധരാത്രി വിസ്‌കി വാങ്ങണമെന്ന് ആഗ്രഹം തോന്നിയ താന്‍ തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം വിസ്‌കി ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനായി ഡെബിറ്റ് കാര്‍ഡ്, ഒടിപി വിവരങ്ങള്‍ കൈമാറിയത് മൂലമാണ് പണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി 12.15നും 1.45നും ഇടയിലാണ് സംഭവം നടന്നത്. ഒരു കുപ്പി വിസ്‌കി വാങ്ങാന്‍ അര്‍ദ്ധരാത്രിയിലും തുറന്നിരിക്കുന്ന കട തേടി ഇദ്ദേഹം ഇന്റര്‍നെറ്റിനെ ആശ്രയിക്കുകയായിരുന്നു. മാഗര്‍പട്ടയിലെ ഒരു സണി വൈന്‍ ഷോപ്പ് തുറന്നിരിക്കുന്നതായി തെരച്ചലില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പിന് ഇരയായതെന്ന് ഡോക്ടര്‍ പറയുന്നു.

കട ഉടന്‍ അടയ്ക്കുമെന്നും നേരിട്ട് വന്നു വാങ്ങുന്നതിനേക്കാള്‍ എളുപ്പം ഓണ്‍ലൈന്‍ വഴി വാങ്ങുന്നതാണെന്നും കടയിലെ ജീവനക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിച്ചയാള്‍ ഫോണിലൂടെ ഡോക്ടറെ ഉപദേശിച്ചു. ഓര്‍ഡര്‍ അനുസരിച്ച് വീട്ടില്‍ ഉടന്‍ തന്നെ കുപ്പി എത്തിക്കാമെന്നും ഇയാള്‍ ഉറപ്പുനല്‍കി. ഇതില്‍ വിശ്വസിച്ച ഡോക്ടര്‍ 1850 രൂപ മൂല്യമുളള ഒരു കുപ്പി വിസ്‌കി ഓര്‍ഡര്‍ ചെയ്തു.

തുടര്‍ന്ന് ഓര്‍ഡര്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറാന്‍ ഡോക്ടറോട് ഇയാള്‍ ആവശ്യപ്പെട്ടു.ഇതനുസരിച്ച് വിവരങ്ങള്‍ കൈമാറി ഉടനെ ഡോക്ടറുടെ മൊബൈലില്‍ ഒടിപി നമ്പര്‍ വന്നു. ഇത് കൈമാറിയതും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1850 രൂപ ഡെബിറ്റ് ചെയ്തതായി വിവരം ലഭിച്ചതായി ഡോക്ടര്‍ പറയുന്നു.

ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം നേരത്തെ വിളിച്ച ആള്‍ തന്നെ തിരിച്ചുവിളിച്ചു. ഡെലിവറി ബോയ് ഇല്ലാത്തതുകൊണ്ട് വിസ്‌കി സപ്ലൈ ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. പണം തിരിച്ചുതരാമെന്ന വ്യാജേന വീണ്ടും ഒരു ഒടിപി നമ്പര്‍ ഡോക്ടറിന്റെ ഫോണിലേക്ക് അയച്ചു. ആദ്യം ഒടിപി നമ്പര്‍ കൈമാറാന്‍ ഡോക്ടര്‍ തയ്യാറായില്ല. പിന്നീട് ഒടിപി നമ്പര്‍ ലഭിക്കാന്‍ തട്ടിപ്പിലെ കൂട്ടുപ്രതിയായ മറ്റൊരാള്‍ വിളിച്ച് ഡോക്ടറെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു.  തുടര്‍ന്ന് ഒടിപി നമ്പര്‍ കൈമാറിയതോടെ തന്റെ അക്കൗണ്ടില്‍ നിന്ന് 26652 രൂപ നഷ്ടപ്പെട്ടതായി ഡോക്ടര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com